അക്രമകാരികളായ തെരുവുനായക്കളെ കൊല്ലണം; നിയമസാധുത തേടി സർക്കാർ, ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി എംബി രാജേഷ്
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനൊരുങ്ങി സംസ്ഥാന സർക്കാർ. തെരുവുനായ ആക്രമണങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്നത് കണക്കിലെടുത്താണ് ആലോചന. ഇക്കാര്യത്തിൽ ഉത്തരവിറക്കുന്നതുമായി ബന്ധപ്പെട്ട് നിയമസാധുത തേടുവാനാണ് തീരുമാനം.
നിലവിലെ കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുവാനാണ് നീക്കം. തദ്ദേശമന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം മാധ്യമങ്ങൾ വസ്തുതകൾ പറയാതെ സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
തെരുവ് നായയുടെ ആക്രമണത്തിൽ കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചസംഭവം ഏറെ ചർച്ചയായിരുന്നു. സമാനമായ രീതിയിൽ വീണ്ടും തെരുവുനായ ആക്രണം നടന്നു. കണ്ണൂർ മട്ടന്നൂരിനടുത് നീർവേലിയിലാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ ഭീതിപ്പെടുത്തുന്നതരത്തിൽ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം ജനങ്ങളും ആവശ്യപ്പെടുന്നത്. എന്നാൽ തെരുവുനായ്കളെ സംരക്ഷിക്കണം എന്ന ആവശ്യവുമായി മൃഗ സ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.