തിരിച്ചുവരവില്‍ ഹനുമ വിഹാരിയ്ക്ക് നായക സ്ഥാനം, മായങ്ക് വൈസ് ക്യാപ്റ്റന്‍
ജൂണ്‍ 28 ന് ബെംഗളൂരുവില്‍ ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ ടീമിന്റെ ക്യാപ്റ്റനായി ഹനുമ വിഹാരി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. രഞ്ജി ട്രോഫി 2022-23 ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശിനോട് ഇന്‍ഡോറില്‍ തോറ്റതിന് ശേഷം പേസര്‍ ആവേശ് ഖാനെതിരെ ബാറ്റിംഗിനിടെ കൈത്തണ്ടയ്ക്ക് ഒടിവ് സംഭവിച്ച വിഹാരി കളത്തിന് പുറത്തായിരുന്നു.
ജൂണ്‍ 13 ചൊവ്വാഴ്ച ഗോവയില്‍ നടന്ന യോഗത്തിലാണ് സൗത്ത് സോണ്‍ അസോസിയേഷനുകള്‍ 15 അംഗ ടീമിനെ തിരഞ്ഞെടുത്തത്. അടുത്തിടെ ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ കെഎസ് ഭരത്, ആന്ധ്രാ ടീമംഗം റിക്കി ഭുയിക്കൊപ്പം വിക്കറ്റ് കീപ്പറായി സൗത്ത് സോണ്‍ ടീമില്‍ ഇടം നേടി.
തമിഴ്‌നാട്ടില്‍ നിന്ന് വാഷിംഗ്ടണ്‍ സുന്ദര്‍, സായ് സുദര്‍ശന്‍, പ്രദോഷ് രഞ്ജന്‍ പോള്‍, സായ് കിഷോര്‍ എന്നിവരെ തിരഞ്ഞെടുത്തു. സായ് സുദര്‍ശന്‍ 2022-23 ആഭ്യന്തര സീസണില്‍ തമിഴ്‌നാടിന്റെ മികച്ച ബാറ്റ്സ്മാനാണ്. കൂടാതെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ഫൈനലിലെത്തിക്കാനും അദ്ദേഹം സഹായിച്ചു. മായങ്ക് അഗര്‍വാളിനൊപ്പം കര്‍ണാടക ടോപ് ഓര്‍ഡര്‍ ബാറ്റര്‍ രവികുമാര്‍ സമര്‍ത്തും പേസ് ബൗളര്‍ വൈശാഖ് വിജയ്കുമാറും 15 അംഗ ടീമിലുണ്ടാകും.
വിജയകരമായ ഐപിഎല്‍ സീസണില്‍ നിന്ന് മടങ്ങിയെത്തിയ സായ് സുദര്‍ശന്‍, തിലക് വര്‍മ്മ എന്നിവരും സൗത്ത് സോണിലേക്കുള്ള സെലക്ഷനില്‍ ഇടംപിടിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരായ മോശം പ്രകടനത്തിന് ശേഷം വിക്കറ്റ് കീപ്പര്‍ ഭരത് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.
2023 ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീം: ഹനുമ വിഹാരി (സി), മായങ്ക് അഗര്‍വാള്‍ (വിസി), കെ എസ് ഭരത് (ഡബ്ല്യുകെ), റിക്കി ഭുയി (ഡബ്ല്യുകെ), സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ സമര്‍ത്, തിലക് വര്‍മ്മ, സച്ചിന്‍ ബേബി, സായ് കിഷോര്‍, വി കവേരപ്പ, വൈശാഖ് വിജയകുമാര്‍, പ്രദോഷ് രഞ്ജന്‍ പോള്‍, കെ വി ശശികാന്ത്, ദര്‍ശന്‍ മിസല്‍