മണിപ്പൂരിൽ വീണ്ടും കലാപം; ഖമെൻലോകിൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
മണിപ്പൂരിൽ കലാപം വീണ്ടും ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖമെൻലോകിൽ നടന്ന ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായാണ് വിവരം. പരിക്കേറ്റ നിരവധി പേരെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റ നിരവധി പേർ ഐസിയുവിൽ കഴിയുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇംഫാൽ ജെ എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഖമെൻലോകിൽ കുക്കി വിഭാഗത്തിൽപ്പെട്ട കലാപകാരികൾ നിരവധി ബോംബുകൾ എറിയുകയാിരുന്നു. ആക്രമണത്തിൽ ഗ്രാമവാസികൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പരിക്കേൽക്കാത്ത ഗ്രാമവാസികൾ വീടുകളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
എന്നാൽ കലാപകാരികൾ രക്ഷപ്പെട്ട ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് കൂടുതൽ സേനയെ ഖമെൻലോകിലേക്ക് എത്തിച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിലെ വെടിവയ്പ്പിന് ശേഷം കലാപകാരികൾ പിൻവാങ്ങി.