രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ശുചിമുറിയില്‍ ഒളിപ്പിച്ചു; ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിലാണ് ട്രംപിന്റെ അറസ്റ്റ്. കോടതി നിര്‍ദേശപ്രകാരം മയാമി ഫെഡറല്‍ കോടതിയില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയില്‍ ആവര്‍ത്തിച്ചു. യുഎസില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ക്രിമിനല്‍ക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുന്‍ പ്രസിഡന്റാണ് ട്രംപ്.
2021 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്നും സ്ഥാനമൊഴിയുമ്പോള്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ട്രംപ് മാര്‍ എലാഗോ ഫ്ലോറിഡ എസ്റ്റേറ്റിലും ന്യൂജേഴ്സി ഗോള്‍ഫ് ക്ലബ്ബിലും അലക്ഷ്യമായി സൂക്ഷിച്ചുവെന്നാണ് കേസ്.
രഹസ്യരേഖകള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ്, ഡൊണള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.