‘ഹനുമാന് ജിയുടെ അടുത്തുള്ള സീറ്റിന് പൈസ കൂടുതല്‍’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചാരണം, പ്രതികരിച്ച് നിര്‍മ്മാതാക്കള്‍
ജൂണ്‍ 16ന് റിലീസിന് ഒരുങ്ങുന്ന ‘ആദിപുരുഷ്’ ചിത്രത്തിനെതിരെ നിരന്തരം വിവാദങ്ങള്‍ ഉയരാറുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹനുമാന് വേണ്ടി സീറ്റ് റിസര്‍വ്വ് ചെയ്യുമെന്ന അണിയറപ്രവര്‍ത്തകരുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ഹനുമാന് വേണ്ടി ഒഴിച്ചിടുന്ന സീറ്റിന് അടുത്തുള്ള സീറ്റുകളുടെ നിരക്ക് കൂടുതല്‍ ആണെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
”ആദിപുരുഷ് ടിക്കറ്റ് നിരക്ക് സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹനുമാന് ജിക്കായി നീക്കിവെച്ചിരിക്കുന്ന സീറ്റിന് അടുത്തുള്ള സീറ്റുകളുടെ നിരക്കില്‍ വ്യത്യാസമില്ലന്ന് വ്യക്തമാക്കുകയാണ്. തെറ്റായ വിവരങ്ങളില്‍ വീഴരുത്. ജയ് ശ്രീറാം” എന്നാണ് ടി സീരിസ് ട്വീറ്റ് ചെയ്തത്.
ഹനുമാന് വേണ്ടി സീറ്റ് സമര്‍പ്പിക്കും എന്ന വാര്‍ത്ത പുറത്തുവന്നതോടെ അത് ട്രോളുകളിലും നിറഞ്ഞിരുന്നു. സിനിമ കാണാനെത്തിയ ഹനുമാനോട് റിവ്യൂ ചോദിക്കുന്ന യൂട്യൂബ് ചാനലുകള്‍, ഇന്റര്‍വെല്ലിന് ഒരു മുട്ട പഫ്സും ചായയും ചോദിക്കുന്ന പോപ്കോണ്‍ കഴിക്കുന്ന കുട്ടി ഹനുമാന് എന്നൊക്കെ ട്രോളുകള്‍ എത്തിയിരുന്നു.
അതേസമയം, നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ ചിത്രത്തിന്റെ 1000 ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ സര്‍ക്കാര്‍ സ്കൂളുകള്‍, ഓര്‍ഫനേജുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലാണ് അഭിഷേക് അഗര്‍വാള്‍ ആദിപുരുഷിന്റെ സൗജന്യ ടിക്കറ്റുകള്‍ നല്കാന് ഒരുങ്ങുന്നത്.