20,000 -ത്തിന് വാങ്ങിയ 50 വര്‍ഷം പഴക്കമുള്ള വൈന്‍കുപ്പി ലേലം ചെയ്തു, വിറ്റുപോയത് ഏകദേശം 88 ലക്ഷത്തിന്
വൈനിന് പഴക്കം കൂടുന്തോറും അതിന്റെ രുചിയും ലഹരി ഗുണങ്ങളും കൂടുമെന്നത് പൊതുവെയുള്ള വിശ്വാസമാണ്. എന്തുതന്നെയായാലും അമ്പത് വര്‍ഷം പഴക്കമുള്ള ഒരു വൈന്‍ കുപ്പി ലേലം ചെയ്തതോടെ ഒരു അമേരിക്കക്കാരന്റെ കയ്യില്‍ ഓര്‍ക്കാപ്പുറത്ത് ലക്ഷങ്ങള്‍ വന്നു ചേര്‍ന്നിരിക്കയാണ്.
കാലിഫോര്‍ണിയയിലെ താമസക്കാരനായ മാര്‍ക്ക് പോള്‍സണ്‍ ആണ് ഈ വ്യക്തി. 1970 -കളില്‍ ആണ് ഡൊമൈന്‍ ഡി ലാ റൊമാനീ-കോണ്ടി ലാ ടാഷെയുടെ ഒരു കുപ്പി ഇദ്ദേഹം സ്വന്തമാക്കിയത്. രസകരമെന്ന് പറയട്ടെ അദ്ദേഹം, ആ കുപ്പി ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളിലാക്കി വീടിന്റെ ബേസ്മെന്റില്‍ ഒളിപ്പിച്ചു വച്ചു. ഇപ്പോഴിതാ പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ കുപ്പി കണ്ടെത്തിയിരിക്കുകയാണ്. വാങ്ങുന്ന സമയത്ത്, ഇന്നത്തെ കറന്‍സിയില്‍ ഏകദേശം 20,000 രൂപയ്ക്ക് തുല്യമായ 250 ഡോളറിന് ആണ് പോള്‍സണ്‍ കുപ്പി സ്വന്തമാക്കിയത്.എന്നാല്‍ ഏകദേശം 1,889 ഡോളറാണ് കുപ്പിയുടെ ഇപ്പോഴത്തെ വിപണി മൂല്യം. എന്നിരുന്നാലും, അതിന്റെ കാലപ്പഴക്കവും അപൂര്‍വതയും കാരണം, കുപ്പി ലേലത്തില്‍ വിറ്റു പോയത് 106250 -ലധികം ഡോളറിനാണ്. അതായത് 87,91,390 -ലധികം ഇന്ത്യന്‍ രൂപയ്ക്ക്.
ഡൊമൈന്‍ ഡി ലാ റൊമാനീ-കോണ്ടി, ഡിആര്‍സി എന്ന് ചുരുക്കി വിളിക്കപ്പെടുന്ന വൈന്‍ ഫ്രാന്‍സിലെ ബര്‍ഗണ്ടിയിലുള്ള ഒരു എസ്റ്റേറ്റിലാണ് ഉദ്പാദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബര വൈന്‍ ബോട്ടിലുകളും ആണ് ഡിആര്‍സി. ലേല സ്ഥാപനമായ ബോണ്‍ഹാംസ് സ്കിന്നര് ആണ് ലേലം സംഘടിപ്പിച്ചത്, 50 വര്‍ഷമായി തൊടാത്ത ഈ വൈന്‍ കുപ്പി തുടക്കത്തില്‍ 50,000 ഡോളര്‍ മുതല്‍ 80,000 ഡോളര്‍ വരെ വിലയില്‍ വില്ക്കപ്പെടും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ആ പ്രതീക്ഷകള്‍ മറികടന്ന് ഒടുവില്‍ 106,250 ഡോളറിന് വില്‍ക്കപ്പെടുകയായിരുന്നു.