അച്ഛനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി, നല്‍കിയത് അഞ്ച് ലക്ഷം; യുവതി അറസ്റ്റില്‍
നാഗ്പൂര്‍: അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 60കാരനായ ദിലീപ് രാജേശ്വര്‍ സോണ്‍ടാക്കെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 35കാരിയായ മകള്‍ പ്രിയ സോണ്‍ടാക്കെ അറസ്റ്റിലായി. പെട്രോള്‍ പമ്പ് ഉടമയായ ദിലീപ് മെയ് 17നാണ് കൊല്ലപ്പെടുന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുങ്ങി.
ഭിവാപുരിലെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം 1.34 ലക്ഷം രൂപയും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ആദ്യം കവര്‍ച്ചാ ശ്രമത്തിനിടയിലുള്ള കൊലപാതകമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ അന്വേഷണത്തില്‍ മകള്‍ക്ക് പങ്കുള്ളതായി സംശയമുണര്‍ന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പിതാവിന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മകള്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചത്. മൂന്നംഗ സംഘത്തിന് പ്രതിഫലമായി അഞ്ച് ലക്ഷവും പ്രിയ നല്‍കി. ഷെയ്ഖ് അഫ്രോസ്, മുഹമ്മദ് വസീം, സുബൈര്‍ ഖാന്‍ എന്നിവരെയാണ് പ്രതി വാടകക്കെടുത്തത്.
മെയ് 17ന് രാത്രി പമ്പില്‍ പണമെണ്ണുന്നതിനിടെ കുതിച്ചെത്തിയ സംഘം തോക്കുകാട്ടി മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ദിലീപിനെ കുത്തുകയുമായിരുന്നു. ഇയാള്‍ക്ക് 15ഓളം കുത്തുകളേറ്റു. തുടര്‍ന്ന് പണവുമായി സ്ഥലം വിട്ടു. നാഗ്പൂരിലുള്ള യുവതിയുമായി ഇയാളുടെ ബന്ധം ഭാര്യ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ പതിവായി മര്‍ദ്ദിക്കുകയും പമ്പും വീടും സ്ഥലവും ഇയാളുടെ പേരിലാക്കി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മകള്‍ അച്ഛനെ കൊല്ലാന്‍ വാടക കൊലയാളികളെ ഏല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.