ജല്ലിക്കട്ടിന്റെ നിയമ സാധുത ശരിവച്ച് സുപ്രീം കോടതി; മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശവും

Spread the love

തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക സർക്കാരുകൾക്ക് വലിയ ആശ്വാസമായി കാളകളെ മെരുക്കുന്ന പരമ്പരാഗത കായിക വിനോദമായ ‘ജല്ലിക്കട്ടിന്റെയും’ കാളവണ്ടി മത്സരത്തിന്റെയും സാധുത സുപ്രീം കോടതി വ്യാഴാഴ്‌ച ശരിവച്ചു. സംസ്ഥാനങ്ങളുടെ നടപടി നിയമപരമായി സാധുതയുള്ളതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു.

നിയമപ്രകാരം മൃഗങ്ങളുടെ സുരക്ഷയും സംരക്ഷണവും കർശനമായി ഉറപ്പാക്കണമെന്നും കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു. “സാംസ്‌കാരിക പൈതൃകം ഗ്രന്ഥങ്ങളിലൂടെയും തെളിവുകളിലൂടെയും നിലനിൽക്കുന്നതിനാൽ കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാനാകില്ല” സുപ്രീം കോടതി വ്യക്തമാക്കി.

ജസ്‌റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊങ്കൽ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നടത്തി വരുന്ന കാളയെ മെരുക്കുന്ന വിനോദമാണ് “എരുത്ത്താഴ്ത്തൽ” എന്ന് കൂടി അറിയപ്പെടുന്ന “ജല്ലിക്കട്ട്”.

എന്തായിരുന്നു ഹർജികളിൽ ആവശ്യപ്പെട്ടത്

മൃഗാവകാശ സംഘടനയായ പെറ്റ ഉൾപ്പെടെയുള്ളവ സമർപ്പിച്ച ഹർജികളിൽ തമിഴ്‌നാട്ടിൽ കാളയെ മെരുക്കാൻ അനുവദിച്ച നിയമത്തെ ചോദ്യം ചെയ്‌തിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ (തമിഴ്‌നാട് ഭേദഗതി) നിയമം, 2017ന് എതിരായ ഹർജികളിൽ ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രസക്തമായ ചോദ്യങ്ങൾ ഉൾപ്പെട്ടതിനാൽ വിശാല ബെഞ്ച് തീർപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.

വിശാല ബെഞ്ച് വിധി പറയേണ്ട അഞ്ച് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. “ജല്ലിക്കട്ടിൽ” ഉൾപ്പെട്ടിരിക്കുന്ന ആരും ആയുധമൊന്നും ഉപയോഗിക്കുന്നില്ലെന്നും രക്തം ഒരു ആകസ്‌മികമായ കാര്യം മാത്രമാകാമെന്നും അതിനാൽ തന്നെ ഇതിനെ രക്തക്കളിയായി വിശേഷിപ്പിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.” എങ്കിലും ഇതിൽ ക്രൂരത ഉണ്ടെന്ന കാര്യത്തിൽ സുപ്രീം കോടതിയ്ക്കും എതിരഭിപ്രായമില്ല.

“അതിൽ മരണമുണ്ട് എന്നത് കൊണ്ട് അതൊരു ചോരക്കളിയാണെന്ന് അർത്ഥമാക്കുന്നില്ല. പരിപാടിയിൽ പങ്കെടുക്കാനും കാളകളുടെ പുറത്ത് കയറാനും പോകുന്നവർ അവിടെ രക്തം വീഴ്ത്താൻ പോകണമെന്ന് നിർദ്ദേശിക്കുന്നില്ല. ആളുകൾ മൃഗത്തെ കൊല്ലാൻ പോകുന്നതല്ല. രക്തം ഇതിൽ ആക്‌സമികമായി ഉണ്ടാവുന്ന കാര്യമായിരിക്കാം” ജസ്‌റ്റിസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *