പറമ്പില്‍ കുഞ്ഞിന്റെ കരച്ചില്‍, ഓടിയെത്തിയപ്പോള്‍ നവജാതശിശു, പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം
പത്തനംതിട്ട: പത്തനംതിട്ടയില്‍ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവിയൂര്‍ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്. കരച്ചില്‍ കേട്ട അയല്‍വാസികള്‍ ആണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നമില്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രസവിച്ചു മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചികിത്സയിലുള്ള കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തിട്ടുണ്ട്.
പ്രദേശവാസിയായ പഴമ്പള്ളി സ്വദേശി മനോജ് വര്‍ഗീസ് ആണ് ആദ്യം കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീടിന് പുറത്തിറങ്ങി നോക്കി. തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കപ്പതോട്ടത്തില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടു. ചെന്ന് നോക്കുമ്പോള്‍ മണ്ണില്‍ കിടന്നു വിറയ്ക്കുന്ന കുഞ്ഞിനെയാണ് കണ്ടെതെന്ന് മനോജ് വര്ഗീസ് പറഞ്ഞു. തുടര്‍ന്ന് മനോജ് ആണ് പൊലീസിനെ വിവരമറിയിച്ചത്. വെളുപ്പിനെ ആയിരിക്കാം കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നതെന്ന് മനോജ് പറഞ്ഞു.