പൊന്നമ്പല മേട്ടില്‍ അനധികൃതമായി കടന്നുകയറി പൂജ; വിഡിയോ വൈറല്‍: കേസെടുത്ത് വനംവകുപ്പ്
തിരുവനന്തപുരം: ശബരിമല വനമേഖലയില്‍ പൊന്നമ്പലട്ടില്‍ അനധികൃതമായി കടന്നു കയറി പൂജ നടത്തിയതായി പരാതി. ശബരിമലയില്‍ മുന്‍പ് മേല്‍ശാന്തിമാരുടെ സഹായിയായി ജോലി ചെയ്തിട്ടുള്ള നാരായണന് നമ്പൂതിരി എന്ന ആളുടെ നേതൃത്വത്തിലാണ് നാലംഗ സംഘം പൂജയ്ക്ക് എത്തിയത്. സംഭവത്തില്‍ വനത്തിനുള്ളില്‍ അതിക്രമിച്ചു കയറിയതിന് വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.എന്നാല്‍ പൊന്നമ്പലമേട്ടില്‍ അല്ല പൂജ നടന്നത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഒരാഴ്ച മുന്‍പാണ് തമിഴ്നാട് സ്വദേശികളായ നാലു പേര്‍ക്ക് വേണ്ടി ശബരിമലയില്‍ മേല്‍ശാന്തിമാരുടെ സഹായിയായി ജോലി ചെയ്തിട്ടുള്ള നാരായണന് നമ്പൂതിരി എന്ന ആള് പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്നു കയറി പൂജകള്‍ നിര്‍വഹിച്ചത്.ഇയാള്‍ നേരത്തെയും ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സൃഷ്ടിച്ച ആളാണ്. പൂജയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. വനത്തിനുള്ളില്‍ അനധികൃതമായി കടന്നു കയറിയതിന് നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആളുകള്‍ക്ക് കടന്നുകയറാന്‍ നിരോധനമുള്ള മേഖല അല്ലെങ്കിലും അനുമതിയില്ലാതെ കടന്നു കയറിയതിനാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.എന്നാല്‍ ശബരിമലയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്നു കയറിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പോലീസിനും വനം വകുപ്പിനും കത്ത് നല്‍കിയിട്ടുണ്ട്. പൂജയ്ക്ക് വേണ്ടി എത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വിളിച്ചുവരുത്തി തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു