ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കാൻ ഉത്തരവ്

Spread the love

കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതക കേസുകളിലെ പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ,നീനോ മാത്യു ,ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ പശ്ചാത്തലമാണ് പരിശോധിക്കുന്നത്. പ്രതികളുടെ വധശിക്ഷ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ സാമൂഹിക പശ്ചാത്തലമടക്കം പരിശോധിക്കാൻ ഡിവിഷൻ ബഞ്ച് ഉത്തരവുണ്ടാകുന്നത്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ,നീനോ മാത്യു, ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാം തുടങ്ങിയവരുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവയാണ് പരിശോധിക്കുന്നത്.

2014 ലാണ് നിനോ മാത്യു ,തന്റെ പെൺ സുഹൃത്തിന്റെ ഭർതൃമാതാവിനെയും 3 വയസ്സുകാരി കുഞ്ഞിനെയും കൊലപ്പെടുത്തിയത്. 2016ലായിരുന്നു എറണാകുളത്ത് നിയമ വിദ്യാർത്ഥിനി ജിഷ പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം. ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നത് പരിശോധിക്കും. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരടങ്ങിയ പ്രൊജക്ട് 39 ടീമാണ് പoനം നടത്തി മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. രണ്ട് മാനസികാരോഗ്യ വിദഗ്ധരെ കൊണ്ട് പ്രതികളുടെ മാനസിക നിലയും പരിശോധിക്കണം. നിലവിൽ ജയിലിലിലെ പെരുമാറ്റ രീതി ഉൾപ്പടെ ജയിൽ ഡി.ജി പി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.

മുദ്രവച്ച കവറിൽ സമർപ്പിക്കുന്ന ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും വധശിക്ഷയിലിളവ് നൽകുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക. വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയും, ശിക്ഷാ വിധിക്കെതിരായ പ്രതികളുടെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടുകളും ,സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും പരിശോധിച്ചു കൊണ്ടാണ് പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാനുള്ള കോടതി നടപടി.

Leave a Reply

Your email address will not be published. Required fields are marked *