ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: സന്ദീപിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതിയായ സന്ദീപിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞദിവസം കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. എം.എം.ജോസ് ഇതിനുള്ള അപേക്ഷ നല്കി. ഇന്ന് 11-ന് പ്രതിയെ ഹാജരാക്കാനുള്ള പ്രൊഡക്ഷന്‍ വാറന്റ് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നല്കി. ഇന്ന് കസ്റ്റഡി അപേക്ഷ കോടതി വീണ്ടും പരിഗണിക്കും. പോലീസ് കസ്റ്റഡി അനുവദിച്ചാല്‍ ഉടന്‍തന്നെ പ്രതിയെ വിശദമായി ചോദ്യംചെയ്യാനുള്ള ഒരുക്കങ്ങള്‍ അന്വേഷണസംഘം പൂര്‍ത്തിയാക്കി.
കൊലപാതകം നടത്താനിടയായ സാഹചര്യങ്ങളും കാരണവുമാണ് പ്രധാനമായും സംഘം തേടുക. തുടര്‍ദിവസങ്ങളില്‍ ആശുപത്രിയിലും കുടവട്ടൂര്‍ ചെറുകരക്കോണത്തും എത്തിച്ചുള്ള തെളിവെടുപ്പ് നടത്തും. സന്ദീപിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കല്‍ കഴിഞ്ഞദിവസവും തുടര്‍ന്നു. ആശുപത്രി ജീവനക്കാരുടെ മൊഴി വീണ്ടുമെടുക്കും. വന്ദനാ ദാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറില്‍നിന്നും ഫൊറന്‍സിക് സര്‍ജനില്‍നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് വരുംദിവസങ്ങളില്‍ സംഘത്തിനു ലഭിക്കും. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കി ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. കൊലചെയ്യാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്രിക, സംഭവസ്ഥലത്തുനിന്നു ലഭിച്ച രക്തത്തുള്ളികള്‍ എന്നിവയും ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു.
ഇതിനിടെ, താലൂക്കാശുപത്രി അത്യാഹിതവിഭാഗത്തില്‍ ജൂനിയര്‍ ഡോക്ടര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ആരോഗ്യവകുപ്പിനുവേണ്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഡെപ്യൂട്ടി ഡി.എം.ഒ. ഷാജന് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞദിവസമാണ് കൈമാറിയത്. ഗുരുതരമായ സുരക്ഷാവീഴ്ച അത്യാഹിതവിഭാഗത്തില്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളിലൊന്ന്. പോലീസിന്റെയും ആശുപത്രി ജീവനക്കാരുടെയും വീഴ്ചകള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസറുടെ വീഴ്ചയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും സൂചനയുണ്ട്.