സ്വന്തം ചികിത്സാ ദൃശ്യങ്ങള്‍ സ്കൂള്‍ ഗ്രൂപ്പിലേക്ക് സന്ദീപ് അയച്ചു; ദൃശ്യങ്ങള്‍ 3 ഗ്രൂപ്പുകളില്‍
കൊട്ടാരക്കര: സ്വന്തം ചികിത്സാ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സന്ദീപ് സ്കൂള്‍ അധ്യാപകരുടെ വാട്സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചു നല്കി. ജില്ലാ ക്രൈംബ്രാഞ്ച് സംഘം സൈബര്‍ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് 3 ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
ശാസ്ത്രീയ പരിശോധനയ്ക്കായി ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ കോടതി മുഖേന ഇന്നു തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയയ്ക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് നടപടി. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും തെളിവെടുപ്പു തുടര്‍ന്നു. സന്ദീപിന്റെ ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്.കേസില്‍ റിമാന്‍ഡിലായ സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അപേക്ഷ നല്‍കും. ഡിവൈഎസ്പി എം.എം.ജോസിന്റെ സംഘത്തിലാണ് അന്വേഷണം. അന്വേഷണം വേഗത്തിലാക്കാനാണ് തീരുമാനമെന്ന് കൊല്ലം റൂറല്‍ എസ്പി എം.എല്‍.സുനില്‍ പറഞ്ഞു.