കോട്ടയത്തെ സൈബർ ആക്രമണം.
കാസർകോട്: കോട്ടയം സ്വദേശിനിയായ ആതിര ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് ഒരു ലോഡ്ജ് മുറിയിലാണ് അരുൺ വിദ്യാധരനെ ഇന്ന് ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവർ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കടുത്തുരുത്തി സ്വദേശി ആതിര സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് ഞായറാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്. അരുൺ വിദ്യാധരൻ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ തുടരുകയായിരുന്നു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ കാസർകോട് ലോഡ്ജിൽ ആത്മഹത്യ ചെയ്തത്.
ആതിരയുടെ അയൽക്കാരനും മുൻ സുഹൃത്തുമായിരുന്ന അരുൺ വിദ്യാധരൻ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. ആതിരയ്ക്ക് വിവാഹാലോചന നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് ഇയാൾ സൈബർ ആക്രമണം നടത്തിയ.ത്. ഇതേത്തുടർന്ന് ആതിര പൊലീസിൽ പരാതി നൽകി. അരുണിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.