എന്‍.സി.ഇ.ആര്.ടി. പാഠപുസ്തകത്തില്‍നിന്ന് മഹാത്മാഗാന്ധിക്ക് പിന്നാലെ മൗലാനാ അബുള്‍കലാം ആസാദും പുറത്ത്
എന്‍.സി.ഇ.ആര്.ടി. പാഠപുസ്തകത്തില്‍നിന്ന് മഹാത്മാഗാന്ധിക്ക് പിന്നാലെ മൗലാനാ അബുള്‍കലാം ആസാദും പുറത്ത്. പതിനൊന്നാം ക്ലാസിലെ രാഷ്ട്രതന്ത്ര പാഠപുസ്തകത്തില്‍നിന്നാണ് സ്വാതന്ത്ര്യസമര നേതാവും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമായ ആസാദ് പുറത്തായത്. നേരത്തേ മുഗള്‍ ഭരണകാലം, മഹാത്മാഗാന്ധിയുടെ വധം, ആര്.എസ്.എസിന്റെ നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയവ സംബന്ധിച്ച പാഠഭാഗങ്ങള്‍ നീക്കിയത് വലിയ വിവാദത്തിന് വഴിതുറന്നിരുന്നു. ആസാദിന്റെ പേര് പാഠഭാഗത്തില്‍നിന്ന് നീക്കിയതിനെതിരേ കോണ്‍ഗ്രസും ഇര്ഫാന് ഹബീബ് അടക്കമുള്ള ചരിത്രകാരന്മാരും രംഗത്തുവന്നു.
പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ ആദ്യത്തെ അധ്യായമായ, ‘ഭരണഘടന-എന്തുകൊണ്ട് എങ്ങനെ’ എന്ന തലക്കെട്ടിലുള്ള പാഠഭാഗത്തില്‍നിന്നാണ് ആസാദിന്റെ പേര് ഒഴിവാക്കിയത്. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകളില്നിന്നാണ് ആസാദിന്റെ പേര് വെട്ടിയത്. കമ്മിറ്റി യോഗങ്ങളില്‍ ജവാഹര്‍ലാല്‍ നെഹ്രു, രാജേന്ദ്രപ്രസാദ്, മൗലാന അബുള്‍കലാം ആസാദ്, സര്‍ദാര്‍ പട്ടേല്‍, ബി.ആര്. അംബേദ്കര്‍ തുടങ്ങിയവരാണ് പതിവായി അധ്യക്ഷത വഹിക്കുക എന്ന വരിയില്‍നിന്ന് ആസാദിന്റെ പേര് ഒഴിവാക്കി. സ്വയംഭരണാധികാരം നിലനിര്‍ത്തുമെന്ന ഉറപ്പിലാണ് ജമ്മുകശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതെന്ന പരാമര്‍ശങ്ങളുംനീക്കിയിട്ടുണ്ട്.