വികസനത്തിലെ ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയക്കുന്നു
തിരുവനന്തപുരം: വികസനത്തിലെ ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ഗുജറാത്തിലേക്ക് പോകുന്നത്.
ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും അഹമ്മദാബാദിലേക്ക് തിരിക്കുക. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഗുജറാത്തില്‍നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് പറഞ്ഞിരുന്നത്.
ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര. 2013-ല്‍ യുഡിഎഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.