ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ക്ക് വര്‍ഷങ്ങളായി ഇഫ്താര്‍ വിരുന്നൊരുക്കുന്ന ക്ഷേത്രമുണ്ട് മലപ്പുറത്ത്
മതസൗഹാർദത്തിന് പേരുകേട്ട നാടാണ് കേരളം. എല്ലാക്കാലത്തും ജാതിമത ഭേദമന്യേ എല്ലാ മതാഘോഷ പരിപാടികളിലും മലയാളികൾ പങ്കുചേരാറുണ്ട്. എന്നാൽ രാജ്യത്തുടനീളം നടക്കുന്ന മതകലാപങ്ങളുടെ പേരിൽ ഏറെ ക്രൂശിക്കപ്പെടുന്ന ഒരുനാടുണ്ട് കേരളത്തിൽ, മലപ്പുറം. അതേസമയം രാജ്യത്തിന് മാതൃകയായി മുടങ്ങാതെ ഇഫ്താർ വിരുന്നൊരുക്കുന്ന ഒരു അമ്പലത്തിൻ്റെ കഥയും മലപ്പുറത്തിന് പറയാനുണ്ട് മലപ്പുറം ജില്ലയിൽ ആതവനാട് ഗ്രാമപഞ്ചായത്തിലെ ക്ഷേത്രങ്ങളിൽ ഏറെ കാലപ്പഴക്കവും ചരിത്ര പ്രസിദ്ധവുമായ ഒന്നാണ് ശ്രീലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം. ആൾവാഞ്ചേരി മനയും ചന്ദനക്കാവ് ക്ഷേത്രവും, മേപ്പത്തൂർ അമ്പലവുമൊക്കെ സ്ഥിതിചെയ്യുന്ന ആതവനാട് പഞ്ചായത്തിലെ ഈ വിഷ്ണുക്ഷേത്രത്തിനു മാത്രം ഒരു പ്രത്യേകതയുണ്ട്. ഇവിടെ കഴിഞ്ഞ ആറ് വർഷമായി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇഫ്താർ വിരുന്നൊരുക്കാറുണ്ട്. ക്ഷേത്രമുറ്റത്ത് ഒരുക്കുന്ന ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ പ്രദേശവാസികളായ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
1200 ഓളം ജനസംഖ്യയുള്ള മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശമാണ് ആതവനാട്. ഇവിടെ ആകെ 12 കുടുംബങ്ങളിലായി 10 ശതമാനത്തിൽ താഴെ മാത്രമാണ് ഹിന്ദുക്കളുള്ളത്. കാലങ്ങളായി ഇവർ ആരാധിച്ചു പോയിരുന്നു വിഷ്ണുക്ഷേത്രം 2017 ൽ പുനരുദ്ധാരിക്കാൻ തീരുമാനിച്ചു. ഏകദേശം 15 ലക്ഷം ചെലവ് വരുന്ന നിർമാണ പ്രവർത്തനങ്ങൾ അവരെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാ മലയായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ മുടങ്ങിപ്പോകുമായിരുന്ന പുനരുദ്ധാരണ പ്രവർത്തങ്ങൾക്ക് കൈത്താങ്ങായത് അന്നാട്ടിലെ മുസ്ലിം കുടുംബങ്ങളാണ്. അവരുടെ സഹായത്തോടെ സാമ്പത്തികം അതിവേഗം സ്വരൂപിക്കാൻ കഴിഞ്ഞതോടെ വിചാരിച്ചതിലും ഭംഗിയായി അതേവർഷം തന്നെ പുനരുദ്ധാരണം നടത്താൻ കഴിഞ്ഞുവെന്നുള്ളതാണ് യാഥാർത്ഥ്യം. അന്ന് നോമ്പുകാലം കൂടിയായിരുന്നതിനാൽ, പുനഃപ്രതിഷ്ഠക്ക് സഹായിച്ച മുസ്ലിം സഹോദരങ്ങൾക്കായി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലമുറ്റത്ത് ഇഫ്താർ വിരുന്നിന് തുടക്കം കുറിച്ചു. ആ പതിവ് ഇന്നും തുടർന്നു വരുന്നു. കോവിഡ് കാലമൊഴികെ എല്ലാ വർഷവും ഈ റംസാൻ സത്കാരം നടത്തിവരുകയാണ്. വെജിറ്റബിൾ ബിരിയാണിയും ജ്യുസും, ഫ്രൂട്ട്സുമെല്ലാം നിറഞ്ഞതാണ് വിരുന്ന്. ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതുമെല്ലാം നാട്ടുകാരും. ആർക്കും ജാതിയും മതവുമൊന്നില്ലെന്ന് സാരം- പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജാസർ കെപി ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി.
“ഒരർത്ഥത്തിൽ അമ്പലത്തിൻ്റെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്നത് ഇവിടുത്തെ മുസ്ലിം സഹോദരങ്ങളാണ്. പ്രതിസന്ധിയിലാകുമായിരുന്ന പുനരുദ്ധാരണ പരിപാടിക്ക് കൈത്താങ്ങായതും അവരാണ്. അതിൻ്റെ സന്തോഷം പങ്കിടാനാണ് ഇഫ്താർ സൽക്കാരം തുടങ്ങിയത്. എന്നാൽ പിന്നീട് ഞങ്ങൾ ഇതിൻ്റെ ഓർമ്മ പുതുക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു. ഈ സാഹോദര്യ വിരുന്ന് എല്ലാ വർഷങ്ങളിലും നടത്താൻ തന്നെയാണ് തീരുമാനം. രാജ്യത്തിൻ്റെ നിലവിലെ സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികളിലൂടെ മാതൃകയാകാൻ കഴിഞ്ഞാൽ അത് ഞങ്ങളുടെ നാടിൻ്റെ തന്നെ വിജയമാണ്.´´- ക്ഷേത്രം ട്രസ്റ്റി ബോർഡ് പ്രസിഡൻ്റെ ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു
അതുകൊണ്ടു മറ്റു ചില തീരുമാനങ്ങളും ക്ഷേത്ര കമ്മിറ്റി കെെക്കൊണ്ടിട്ടുണ്ട്. അടുത്ത വര്‍ഷം ഇഫ്താർ വിരുന്ന് മാത്രമാക്കാതെ അതിനോടോപ്പം സാംസകാരിക പരിപാടികൾ കൂടെ നടത്തണമെന്നാണ് അതിൽ പ്രധാന തീരുമാനം. അതിനുള്ള ആലോചനകൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു