കെ എം മാണി സ്മൃതി സംഗമം ഓര്‍മ്മകളുടെ ഒത്തുചേരലായി. ആയിരങ്ങൾ പങ്കെടുത്തു
പതിനായിരങ്ങള്‍ ഒഴുകിയെത്തി ;
കെ എം മാണി സ്മൃതി സംഗമം
ഓര്‍മ്മകളുടെ ഒത്തുചേരലായി
കോട്ടയം. കെ.എം മാണിയുടെ മായാത്ത ഓര്‍മ്മകള്‍ ഹൃദയത്തിലേന്തിയ പതിനായിരങ്ങള്‍ അണമുറിയാതെ ഒഴുകിയെത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനം ഓര്‍മ്മകളുടെ ഒത്തുചേരലായി.
സാധാരണ നടക്കാറുള്ള അനുസ്മരണ യോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു കെ.എം മാണിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചത്. നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കി പ്രവര്‍ത്തകര്‍ സ്മൃതി സംഗമത്തിന്റെ ഭാഗമായപ്പോള്‍ അത് കേരള കോണ്‍ഗ്രസ് (എം) രാഷ്ട്രീയത്തില്‍ പുതുചരിത്രമായി. കേരളാ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലും കെ.എം മാണിയുടെ ജീവിത്തിലും സവിശേഷതയുള്ള കോട്ടയം തിരുനക്കര മൈതാനിയില്‍ സംഘടിക്കപ്പെട്ട കെ.എം മാണി സ്മൃതി സംഗമത്തിലേക്ക് തുടക്കം മുതല്‍ ഒടുക്കം വരെയും അണമുറിയാതെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
പാര്‍ട്ടി പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി രാവിലെ 9 മണിക്ക് കെ.എം മാണിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ സ്മൃതി സംഗമത്തിന് തുടക്കമായി. തുടര്‍ന്ന് പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന് കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പം അര്‍പ്പിച്ചു. വൈസ് ചെയര്മാന്മാരായ തോമസ് ചാഴികാടന് എംപി, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ എന്‍.എം രാജു, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു, സണ്ണി തെക്കേടം, ജെന്നിംഗ്സ് ജേക്കബ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ച നടത്തി.
തുടര്‍ന്ന് മന്ത്രി വി.എന്‍ വാസവന്, മുന്‍കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക പ്രതിനിധിയുമായ പ്രൊഫ. കെ.വി തോമസ്, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, സിപി.എം ജില്ലാ സെക്രട്ടറി എ.വി റസല്‍, ജനതാദള്‍ സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് തുടങ്ങിയ ഇടതുമുന്നണി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. അതിനുശേഷം കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖരാണ് ആദരം അര്‍പ്പിക്കാന്‍ എത്തിയത്.
ജനഹൃദയങ്ങളില്‍ ചിരസ്മരണയായി കെ.എം മാണി നിലകൊള്ളുന്നതിന്റെ നേര്‍സാക്ഷ്യങ്ങളായ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളാണ് ചടങ്ങില്‍ ഉടനീളം കണ്ടത്. കെ.എം മാണിയുടെ അന്ത്യയാത്രയുടേയും പ്രസംഗങ്ങളുടേയും ജീവിതമുഹൂര്‍ത്തങ്ങളുടെയും ദൃശ്യങ്ങള്‍ വേദിയില്‍ തെളിഞ്ഞപ്പോള്‍ പലരും കണ്ണീരണിഞ്ഞു.
പൂക്കളും കെ.എം മാണിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രങ്ങളുമായാണ് പലരുമെത്തിയത്. കെ.എം മാണിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ ഓര്‍മ്മിപ്പിക്കുന്നതരത്തില്‍ നിരവധി സ്ത്രീകളും, കുട്ടികളുമടക്കം ജനസഹസ്രങ്ങളാണ് സ്മൃതി സംഗമത്തില്‍ പങ്കെടുത്തത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകര്‍ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ കോട്ടയത്തേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അണമുറിയതെ വിവിധ ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ സംഗമം 3 മണിയോടെ പൂര്‍ത്തിയാക്കുകയായിരുന്നു. പാര്‍ട്ടി ഭാരവാഹികളായ ഫിലിപ്പ് കുഴികുളം, വിജി എം.തോമസ്, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, ജോസ് ടോം, സണ്ണി പാറപ്പറമ്പില്, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
കര്‍ഷകസമൂഹത്തിനായുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരും – ജോസ് കെ.മാണി
കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ തുടരുമെന്നും കര്‍ഷകരക്ഷക്കായുള്ള നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയുണ്ടാവില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി പറഞ്ഞു. കര്‍ഷക രാഷ്ട്രീയത്തെ ജാതി-മത- മുന്നണിഭേദങ്ങള്‍ക്കതീതമായി രൂപപ്പെടുത്തിയ നേതാവായിരുന്നു കെ.എം മാണി.കര്‍ഷകരുടെ ഐക്യബോധത്തെ വിഭജിക്കപ്പെടാതെ കാത്തുസംരക്ഷിക്കാനും, കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള പ്രക്ഷോഭങ്ങള്‍ കരുത്തോടെ തുടരാന്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിജ്ഞാബദ്ധമാണെന്നും ജോസ് കെ.മാണി പറഞ്ഞു.
കേരളവികസനകുതപ്പിനെ മുന്നില്‍ നിന്ന് നയിച്ച കെ.എം മാണി എന്ന നേതാവിനെ തലമുറവിത്യാസമില്ലാതെ അനുസ്മരിക്കുന്നതിനാണ് സ്മൃതിസംഗമം എല്ലാവര്‍ഷവും സംഘടിപ്പിക്കുന്നതെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു