മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിൽ വിവാദം

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിൽ വിവാദം. ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ വിരുന്നിൽ ലോകായുക്ത പങ്കെടുത്തത് തെറ്റായെന്ന് കേസിലെ പരാതിക്കാരൻ ആർ.എസ് ശശികുമാർ പറഞ്ഞു. കേസിൽ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നൽകിയ വിധി പുറപ്പെടുവിച്ച ഇരുവരും വിരുന്നിൽ പങ്കെടുത്തത്, ഹർജിക്കാരനെന്ന നിലയിൽ തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെടാനിടയാക്കിയെന്ന് ശശികുമാർ ആരോപിച്ചു.

വിരുന്നിനെ കുറിച്ചുള്ള സർക്കാറിന്റെ വാർത്താകുറിപ്പിൽ ലോകായുക്തയുടെ പേര് വെച്ചിരുന്നില്ല. ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്ക് ആശ്വാസമായ ഭിന്ന വിധി അടുത്തിടെയാണ് ഇരുവരും അടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. കേസ് 12ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യത്തെയാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും അനാവശ്യ വിവാദമാണെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ വിരുന്നിലെ ലോകായുക്ത സാന്നിധ്യം പരമാവധി മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചത് വിവാദത്തെ ശക്തമാക്കുന്നു. പരിപാടിയെ കുറിച്ചുള്ള പിആർഡി വാർത്താകുറിപ്പിൽ പങ്കെടുത്തുവരുടെ പട്ടികയിൽ ലോകായുക്തയുടെ പേര് ഇല്ല. ചാനലുകൾക്ക് പിആർഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *