ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു
തിരുവനന്തപുരം: ഇന്ന് ദുഃഖവെള്ളി. യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഇന്ന് വിവിധ ഇടങ്ങളില്‍ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.
കുരിശുമരണത്തിലൂടെ യേശു മാനവരാശിക്ക് നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മാചാരം കൂടിയാണ് ദുഃഖ വെള്ളി. മാനവരുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് മുള്‍ക്കിരീടവും ചൂടി കുരിശും തോളിലേറ്റി ചാട്ടവാറടിയും കൊണ്ടാണ് യേശുദേവന്‍ തന്റെ ജീവന്‍ ത്യാഗമായി അര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ യേശുവിന്റെ കുരിശുമരണം വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന അര്‍ഥത്തിലാണ് ഗുഡ് ഫ്രൈഡേ എന്ന് ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു. എല്ലാ വര്‍ഷവും ഈസ്റ്ററിനു മുമ്പുള്ള വെള്ളിയാഴ്ചയാണ് ഈ ദിവസം. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈ ദിവസം വളരെ പരിശുദ്ധിയോടെയും വ്രതത്തോടെയും കഴിച്ചുകൂട്ടുന്നു.