അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.പതിനാറാം പ്രതി ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവും പിഴയും 

Spread the love

അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.പതിനാറാം പ്രതി ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവും പിഴയും

 

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. പതിനാറാം പ്രതി ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപയും രണ്ട് മുതല്‍ പതിനഞ്ച് വരെയുള്ള പ്രതികള്‍ക്ക് 1, 05,000 രൂപ പിഴയും വിധിച്ചു. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം ശിക്ഷ അനുഭവിച്ചാല്‍ മതി. 500 രൂപ പിഴയും ഒടുക്കണം. മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി പല ശിക്ഷകളുണ്ട്. എന്നാല്‍ എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതികളെ തവന്നൂര്‍ സെന്റര്‍ ജയിലിലേക്ക് മാറ്റും.കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. ഹൈക്കോടതി സ്റ്റേ നീങ്ങിയാലുടന്‍ നടപടിയുണ്ടാവും. അഞ്ച് വർഷം കേസിന്‍റെ വിചാരണ നീണ്ടതില്‍ സാക്ഷികളുടെ കൂറുമാറ്റം നിർണായകമായിരുന്നു.കഴിഞ്ഞ ദിവസമാണ് കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചത്. കേസിലെ നാല്, പതിനൊന്ന് പ്രതികളെ വെറുതെ വിട്ടിരുന്നു. നരഹത്യ, അനധികൃത സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, പട്ടികവര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ധീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ തുടങ്ങിയവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *