സംസ്ഥാനത്ത് ഇനിയും കോവിഡ് തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും കോവിഡ് തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊതുസ്ഥലത്ത് മാസ്ക് മാറ്റാമെന്ന ധാരണ ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോർജ്.
മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ജനങ്ങൾ കർശനമായി തുടരണമെന്ന് മന്ത്രി പറഞ്ഞു. പ്രായമായവർ, ജീവിത ശൈലി രോഗമുള്ളവർ, വാക്‌സിൻ എടുക്കാത്തവർ എന്നിവർക്കിടയിലാണ് കൊറോണ മരണങ്ങൾ കൂടുതലായിട്ടുള്ളത്. അതിനാൽ വാക്‌സിൻ സംബന്ധിച്ച് സംസ്ഥാന/ജില്ലാ തലങ്ങളിൽ ശക്തമായ ബോധവത്കരണം നടത്താൻ നിർദ്ദേശം നൽകി. കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേളയിൽ സംസ്ഥാനത്ത് പരീക്ഷാ കാലമായിരുന്നു. അതുകൊണ്ട് വാക്‌സിനേഷൻ യജ്ഞം ആയി നടത്തിയില്ല. സ്‌കൂൾ തുറന്നാൽ വിദ്യാഭ്യസ വകുപ്പിന്റെ സഹകരണത്തോടെ വാക്‌സിൻ യജ്ഞവും ബോധവത്കരണവും നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.