ഏലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസില്‍ തീ കൊളുത്തിയെന്ന് കരുതുന്ന പ്രതിയുടെ രേഖാചിത്രം റെയില്‍വേ പോലീസ് പുറത്തുവിട്ടു
ഏലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസില്‍ തീ കൊളുത്തിയെന്ന് കരുതുന്ന പ്രതിയുടെ രേഖാചിത്രം റെയില്‍വേ പോലീസ് പുറത്തുവിട്ടു. തലയില്‍ തൊപ്പിവച്ച, താടിയുള്ള ആളാണ് രേഖാചിത്രത്തില്‍ കാണാൻ സാധിക്കുന്നത്. എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ചാണ് രേഖാചിത്രം വരച്ചത്. പ്രതിയെ നേരിട്ടു കണ്ട റാസിഖ് എന്നായാളുടെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. രേഖാചിത്രത്തിന് പ്രതിയുമായി ഏറെ സാമ്യമുണ്ടെന്ന് റാസിഖ് പൊലീസിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ തന്നെയാണോ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും ഇരുചക്ര വാഹനത്തിൽ കയറിപ്പോയതെന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിനിടെ പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിൻ്റെ നമ്പറും പോലീസിന് ലഭിച്ചു. മാര്‍ച്ച് 30നാണ് ഈ ഫോണ്‍ അവസാനം ഉപയോഗിച്ചിരിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ വെച്ചപ്പോള്‍ പരിഭ്രാന്തരായി ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേര്‍ ചികിത്സയിലാണ്. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അക്രമിയുടെ കാലിനും പൊള്ളലേറ്റതായി ദൃക്സാക്ഷി പറഞ്ഞു. തീയിട്ടശേഷം ചങ്ങലെ വലിച്ച് ട്രെയിന്‍ നിര്‍ത്തി അക്രമി ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
ഇന്നലെ രാത്രി ഒൻപത് മണിക്കാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവിൽ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാർക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചിൽ നിന്നാണ് ഇയാൾ ഡി1ലെത്തിയതെന്നാണ് യാത്രക്കാർ പറയുന്നത്. ട്രെയിൻ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവ് ഡി വൺ കോച്ചിലേക്ക് കയറിയതെന്നാണ് വിവരം. ട്രയിൻ കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോൾ ഇയാളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇതിൽ ഒരു കുപ്പി തുറന്ന് വീശിയൊഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഇതോടെ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് ഇന്ധനം പടർന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാർ മനസ്സിലാകും മുൻപ് ഇയാൾ തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടർനന സമയത്ത് അക്രമിയുടെ കാലിനും പൊള്ളലേറ്റിരിന്നു എന്ന ദൃക്സാക്ഷികൾ പറയുന്നു.
തുടർന്ന് ട്രെയിനിൻ്റെ ചങ്ങല വലിച്ച് നിർത്തിയ ഇയാൾ ട്രയിനിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങിച്ചെന്ന് ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ടുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയതെന്നാണ് വിവരം. അതുകൊണ്ടുതന്നെ ബൈക്ക് കാരനെ നേരത്തെ വിളിച്ചുവരുത്തിയതാകാം എന്നാണ് നിഗമനം. അതിനിടെ ട്രാക്കിൽ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾക്കൊപ്പം ആക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തിയിരുന്നു. ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണുമാണ് ഈ ബാഗിലുണ്ടായിരുന്നതെന്നാണ് അന്വമഷണ ഉദ്യോഗസ്ഥർ പറയുന്നത്. ട്രയിനിൽ തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.