ഏലത്തൂരിൽ ഓടുന്ന ട്രെയിനിൽ അക്രമി തീയിട്ട സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ബാഗ് ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധിക്കുന്നു

Spread the love

ഏലത്തൂരിൽ ഓടുന്ന ട്രെയിനിൽ അക്രമി തീയിട്ട സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ബാഗ് ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധിക്കുന്നു. ബാഗിൽ നിന്ന് മൊബൈൽ ഫോൺ, ഭക്ഷണ സാധനങ്ങളുടെ കവർ, ബനിയൻ, അരക്കുപ്പിയോളം പെട്രോൾ, കണ്ണട, ഹിന്ദിയിലെഴുതിയ കത്ത് എന്നിവയാണ് ദലഭിച്ചത്. അതേസമയം ചെറിയൊരു കടലാസിൽ ഇംഗ്ലീഷിലെഴുതിയ ചില സ്ഥലപ്പേരുകളും ലഭിച്ചിട്ടുണ്ട്. കോഴിക്കോട്, കഴക്കൂട്ടം അടക്കമുള്ള പേരുകളാണ് ഈ കടലാസിൽ എഴുതിയിരുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ബാഗിൽ നിന്ന് ലഭിച്ച മൊബെെൽ ഫോണിലൂടെ അക്രമിയിലേക്ക് എത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബാഗിലെ സാധനങ്ങളിൽ നിന്ന് വിരലടയാളം എടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഏലത്തൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. ഈ ബാഗിലെ വിരലടയാളങ്ങൾ, മൊബെെൽ ഉൾപ്പെടെയുള്ള സാധനങ്ങൾ എന്നിവയിലൂടെ അക്രമിയുടെ അടുത്തേക്ക് എത്താൻ കഴിയുമെന്നു തന്നെയാണ് അന്വമഷണ സംഘം കരുതുന്നത്.

ട്രയിൻ തീ വച്ചത് ആസൂത്രിതമായ ആക്രമണമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആരാണ് അക്രമിയെന്നോ, എന്താണ് അക്രമിയുടെ ലക്ഷ്യമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. അക്രമിയ്ക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ രാത്രി ഒൻപത് മണിക്കാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവിൽ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാർക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചിൽ നിന്നാണ് ഇയാൾ ഡി1ലെത്തിയതെന്നാണ് യാത്രക്കാർ പറയുന്നത്.

ട്രെയിൻ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവ് ഡി വൺ കോച്ചിലേക്ക് കയറിയതെന്നാണ് വിവരം. ട്രയിൻ കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോൾ ഇയാളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇതിൽ ഒരു കുപ്പി തുറന്ന് വീശിയൊഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഇതോടെ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് ഇന്ധനം പടർന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാർ  മനസ്സിലാകും മുൻപ് ഇയാൾ തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടർനന സമയത്ത് അക്രമിയുടെ കാലിനും പൊള്ളലേറ്റിരിന്നു എന്ന ദൃക്സാക്ഷികൾ പറയുന്നു.

തുടർന്ന് ട്രെയിനിൻ്റെ ചങ്ങല വലിച്ച് നിർത്തിയ ഇയാൾ ട്രയിനിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങിച്ചെന്ന് ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ടുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയതെന്നാണ് വിവരം. അതുകൊണ്ടുതന്നെ ബൈക്ക് കാരനെ നേരത്തെ വിളിച്ചുവരുത്തിയതാകാം എന്നാണ് നി​ഗമനം. അതിനിടെ ട്രാക്കിൽ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾക്കൊപ്പം ആക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗ് കണ്ടെത്തിയിരുന്നു. ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണുമാണ് ഈ ബാ​ഗിലുണ്ടായിരുന്നതെന്നാണ് അന്വമഷണ ഉദ്യോഗസ്ഥർ പറയുന്നത്. ട്രയിനിൽ തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *