സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലിൽ കൈക്കൊള്ളേണ്ട ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രിക്കും മുകളിലേക്ക് ഉയർന്നിരുന്നു. പാലക്കാട് എരിമയൂരിൽ രേഖപ്പെടുത്തിയ 41.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തും താപനില 40 ഡിഗ്രിക്ക് മുകളിലെത്തി. അതേസമയം ഇന്നലെ തൃശൂരിൽ വേനൽ മഴയ്ക്കൊപ്പം മിന്നൽ ചുഴലിയുണ്ടായത് ഏറെ നാശനഷ്ടങ്ങൾക്ക് കാരണമായിരുന്നു. ഇവിടെ വ്യാപകമായ കൃഷി നഷ്ടവുമുണ്ടായിട്ടുണ്ട്.