ആലുവ മുതൽ മൂന്നാർ വരെയുള്ള ഹൈവേ വീതികൂട്ടി വികസനത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.
കൊച്ചി: ആലുവ മുതൽ മൂന്നാർ വരെയുള്ള ഹൈവേ വീതികൂട്ടി വികസനത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ആലുവയിൽ നിന്ന് കോതമംഗലം വരെ നാലുവരിയായും തുടർന്ന് വീതിയേറിയ രണ്ടുവരിപ്പാതയായും വികസിപ്പിക്കുന്ന പദ്ധതികളുടെ നിർമാണം രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്നാണ് കരുതുന്നത്. പുതിയ പാതയിൽ ടോൾ ബൂത്ത് നിർമിക്കുന്നതിനായി നേര്യമംഗലത്താണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 88 വർഷത്തോളം പഴക്കമുള്ള നേര്യമംഗലം പാലം ആലുവ – മൂന്നാർ റൂട്ടിലെ സ്ഥിരം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന മേഖലകളിൽ ഒന്നാണ്. ഇവിടെ സമാന്തരമായി മറ്റൊരു പാലം കൂടി നിർമിക്കാനാണ് ദേശീയപാതാ അതോരിറ്റിയുടെ പദ്ധതി. ഇതിനായി നിലവിലെ പാലത്തിനു തൊട്ടടുത്തായി മുംബൈയിലെ സ്വകാര്യ ഏജൻസി മണ്ണുപരിശോധന നടത്തുന്നുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ ഇതുവഴി രണ്ടുവരി ഗതാഗതം സാധ്യമാകും. തുടർന്ന് മൂന്നാർ വരെ ഉന്നതനിലവാരത്തിലുള്ള പാത യാഥാർഥ്യമാകും. പുതിയ പാലത്തിനു സമീപത്തായാണ് ടോൾ പ്ലാസയ്ക്കും സ്ഥലം കണ്ടെത്തിയിട്ടുള്ളത്. മൊത്തം 790 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയ്ക്കായി വളരെ കുറച്ച് ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി വരിക.