ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. ഇന്ന് രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. രൗദ്രഭാവംപൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.
പാട്ടുതീരുമ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്കു നൽകും. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാരയടുപ്പിലും തീ പകരും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും. ഇതിനു പിന്നാലെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാലക്കളങ്ങളിൽ അടുപ്പുകൾ തെളിയും. ഉച്ചയ്ക്ക് 2.30-ന് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും.
വൈകീട്ട് 7.45-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി 10.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തു തുടങ്ങും. ബുധനാഴ്ച രാവിലെ എട്ടിന് അകത്തേക്കുള്ള തിരിച്ചെഴുന്നള്ളത്ത്. രാത്രി കാപ്പഴിച്ച്, കുരുതിതർപ്പണം നടത്തുന്നതോടെ ഉത്സവം സമാപിക്കും. ദേവീസ്തുതികളുമായി ആയിരങ്ങൾ തൊഴുതിറങ്ങുന്ന ക്ഷേത്രം ഭക്തിമയവാരിധിയായി. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി ഒരുങ്ങി. ഇനി അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർഥനകൾ മാത്രം.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തെകുറിച്ച്:
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിൻറെ തെക്കൻ നാടുകളിൽ മാത്രം ആദ്യകാലങ്ങളിൽ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളിൽ കൂടി വ്യപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്.
കാർത്തിക നക്ഷത്രത്തിൽ ആരംഭിക്കുന്ന ഉത്സവപരിപാടികൾ കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസം (9-ാം ദിവസം) നടക്കുന്ന പൊങ്കാലയോടും തുടർന്ന് കുരുതി തർപ്പണത്തോടും കൂടി സമാപിക്കുന്നു.കുംഭമാസത്തിലെ പൂരം നാളിലാണു അറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല. കാർത്തികനാളിൽ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ആറ്റുകാലമ്മയ്ക്ക് ഭക്തരർപ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല.ഉത്സവത്തിൻറെ തുടക്കമായി ഭഗവതിയുടെ കൈയിൽ ആദ്യം കാപ്പുകെട്ടും.
തുടർന്ന് മേൽശാന്തിയുടെ കൈയിലും. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തി കഴിഞ്ഞാൽ ആറ്റുകാലിൽ തുടർന്നുള്ള ഒമ്പതു ദിവസങ്ങളിൽ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒമ്പതാം ദിവസമാണ്. ഇതു കഴിഞ്ഞാണ് പൊങ്കാല.പൂരം നാളിലെ ശുഭമുഹൂർത്തത്തിൽ മേൽശാന്തി ശ്രീകോവിലിൽ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു.പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു.
കതിനകളും ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോൾ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളിൽ തീനാളങ്ങളുയരും.ഉണക്കലരിയും തേങ്ങയും ശർക്കരയും പുത്തൻ മൺകലത്തിൽ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയിൽ ഉണ്ടാക്കുന്ന തെരളി, പാലും ശർക്കരയും ചേർത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പിൽ വേവും.വൈകുന്നേരം മേൽശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീർത്ഥം തളിച്ച് നിവേദിക്കുന്നു. ഈ സമയം അനേകം പൂജാരിമാർ തീർത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീർത്ഥം തളിച്ചു നേദിക്കാം.