കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് അറുത്ത് ഭാര്യ ആത്മഹത്യ ചെയ്തു.
ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് അറുത്ത് ഭാര്യ ആത്മഹത്യ ചെയ്തു. കരിപ്പിലങ്ങാട് സ്വദേശി മിനി മോളാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സുകുമാരൻ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ സുകുമാരൻ ഏറെകാലമായി കിടപ്പിലായിരുന്നു. ഭാര്യ മിനിയും ഒരു ഹോംനേഴ്സുമാണ് സുകുമാരനെ പരിചരിച്ചിരുന്നത്. ഹോംനേഴ്സ് വീട്ടിൽ ഇല്ലാത്ത സമയത്താണ് ഭർത്താവിന്റെ കഴുത്ത് അറുത്തത്. ഭാര്യ തന്നെയാണ് കൃത്യം ചെയ്തതെന്നും ദുരൂഹതകൾ ഇല്ലെന്നുമാണ് പൊലീസ് നിഗമനം. കഴുത്തറുത്തശേഷം ഭാര്യ തൂങ്ങി മരിക്കുകയായിരുന്നു.
ഹോംനേഴ്സ് ആയ സോണിയ രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സുകുമാരനും മിനിയും തമ്മിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും മറ്റാരെയും സംശയമില്ലെന്നും സോണിയ പറഞ്ഞു.
കുളമാവ് പൊലീസ് എത്തി തുടർനടപടി സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുകുമാരൻ അപകട നില തരണം ചെയ്തിട്ടുണ്ട്.