കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; പ്രതി അനില്‍കുമാര്‍ പിടിയില്‍
കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റില്‍ പ്രതി അനില്‍കുമാര്‍ പിടിയില്‍. മധുരൈയില്‍ നിന്നുമാണ് അനില്‍കുമാറിനെ പിടികൂടിയത്. പ്രതിയെ തൃക്കാക്കര എസി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറും, കുഞ്ഞിനെ ലഭിച്ച അനൂപും കളമശേരി മെഡിക്കല്‍ കോളജില്‍ കൂടിക്കാഴ്ച്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കളമശേരി മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനായി അനൂപ് അപേക്ഷ സമര്‍പ്പിച്ച ജനുവരി 31നാണ്. അനൂപ് എന്തോ രേഖകള്‍ കൈമാറുന്നതും, അനില്‍കുമാര്‍ ഓഫീസിനകത്തേക്ക് കയറി പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കാനാണ് അനൂപ് എത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
കേസില്‍ പ്രധാന പ്രതി മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ ഈ മാസം 21 ലേക്ക് മാറ്റിയിട്ടുണ്ട്.