മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ.
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ. ആദ്യ ഡോസ് നൽകി നാൽപ്പത്തിയെട്ട് മണിക്കൂറിന് ശേഷമാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാൻ തുടങ്ങിയതെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടർമാർ പറഞ്ഞു.
പതിനഞ്ച് ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ വിലയിരുത്തിയായിരിക്കും തുടർന്നുള്ള ചികിത്സയെ കുറിച്ച് തീരുമാനിക്കുന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. 12-ാം തീയതിയാണ് ഉമ്മൻചാണ്ടിയെ വിദഗ്ത ചികിത്സക്കായി ബെംഗളൂരുവിലേക്ക് പോയത്.
എഐസിസി ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് അദ്ധ്യക്ഷൻ്റെ നിർദേശ പ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സന്ദർശിച്ചിരുന്നു. കുടുംബം ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകുന്നില്ലെന്നുള്ള തരത്തിൽ നിരവധി വ്യാജ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. വാർത്തകൾക്കെതിരെ പ്രതികരിച്ച് ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു.