കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന്
കോട്ടയം: കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോറൂമിൽ ജീവനക്കാരിയായ കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആർ.നായരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് രാവിലെ 8.45 നായിരുന്നു കേസിനാസ്പ്‌പദമായ സംഭവം. കൂത്രപ്പള്ളി സ്വദേശിനിയായ നീതു മുൻപ് വിവാഹിതയായിരുന്നു. നീതുവും അൻഷാദും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇവരുടെ ആദ്യ ഭർത്താവ് ഡൈവോഴ്‌സിന് കേസ് നൽകിയിരുന്നു.
ഈ കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടർന്ന് അൻഷാദിന്റെ ഭാര്യയും ഡൈവോഴ്സസ് കേസ് ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്ന് അൻഷാദ് കറുകച്ചാലിൽ വാടകയ്ക്ക് എടുത്തു നൽകിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്.
ഇതിനിടെ നീതുവും അൻഷാദും തമ്മിൽ തർക്കമുണ്ടായി. സാമ്പത്തിക തർക്കത്തെ തുടർന്ന് നീതു അൻഷാദിൽ നിന്നും അകന്നു. ഇതിനിടെ അൻഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നുവെ ന്നാണ് പൊലീസ് പറയുന്നത്. തുടർന്ന്, അൻഷാദ് നീതുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതേ തുടർന്ന് സുഹൃത്തിനെയുമായി എത്തി നീതു ജോലിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നുവെ ന്നാണ് പൊലീസ് പറയുന്നത്. റെന്റ് എ കാറുമായി എത്തിയാണ് നീതുവിനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അൻഷാദ് കസ്റ്റഡിയിൽ ആയത്.