ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.ദേശീയ അടിയന്തരാവസ്ഥ
ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇത് വരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരെ അനുസ്മരിക്കുന്ന ദിവസമാണ് അഗ്നിബാധ. കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേല്‍ അന്താരാഷ്ട്ര സഹായം തേടി.
നഗരത്തിലേക്കും കാട്ടുതീ പടര്‍ന്നുപിടിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. 23 പേര്‍ക്ക് ചികിത്സ നല്‍കിയതായും 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
150ലധികം അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ ശ്രമം തുടരുകയാണെന്നും വിമാനങ്ങളുപയോഗിച്ചും തീ തടയാന്‍ ശ്രമിക്കുകയാണെന്നും അഗ്നിശമന സേന അറിയിച്ചു. 17 അഗ്നിശമന നേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും ഇതില്‍ രണ്ട് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും പറഞ്ഞു.