പിക് അപ് ജീപ്പിൽ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഘത്തെ പിടികൂടി
ഇടുക്കി: പിക് അപ് ജീപ്പിൽ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ അഞ്ച് പേരെ പൊലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി. കുട്ടിക്കാനത്തെ റൈസ് ബൗൾ ഹോട്ടലിൽ നിന്നും അഞ്ച് ഗ്യാസ് കുറ്റികളുമായി കടന്ന തസ്കര സംഘത്തിലെ നെടുകുന്നം മഞ്ഞകുന്നേല്‍ അഖില്‍ എം. ഷാജി (24), അനന്തു എം. ഷാജി(22), കങ്ങഴ മരുതോലിക്കന്‍ മിഥുന് റജി (21), കങ്ങഴ പുത്തന്‍പുരക്കല്‍ ജിബിന്‍ മാത്യു (23), കങ്ങഴ പാറക്കല്‍ ഷെബിന്‍ (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഘത്തിൽപെട്ട കോട്ടയം കടയണിക്കാട് ഉണ്ണികുട്ടന് (26), കങ്ങഴ ഇടയ പാറ ഷിബിന്‍ (22) എന്നിവര്‍ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 12ന് പെരുവന്താനം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിലെത്തിയ പിക് അപ് ജീപ്പ് നിർത്താതെ പോകുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മണ്ണ് ഉപയോഗിച്ച് മറച്ചിരുന്നു. ഇതോടെ സംശയം തോന്നയി പൊലീസ് മുണ്ടക്കയം പൊലിസിനെ വിവരം അറിയിച്ചു. എന്നാല്‍ ഇവരെയും വെട്ടിച്ച് പിക്കപ്പ് കടന്നു കളഞ്ഞു. ഇതോടെ ഹൈവേ പൊലിസിനെ വിവരം അറിയിക്കുകയും കാഞ്ഞിരപള്ളി സെന്റ്. ഡോമിനിക്സ് കോളജിന് മുമ്പില്‍ ടോറസ് ലോറി റോഡിന് കുറുകെ ഇട്ട് പിക്കപ്പ് വാൻ പിടികൂടുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെ പിടികൂടിയെങ്കിലും രണ്ട് പേർ രക്ഷപെട്ടു. ഗ്യാസ് സിലിണ്ടറുകൾ കൂടാതെ പള്ളിക്കുന്ന് ഭാഗത്തു നിന്ന് ഒരു പശുവിനെ മോഷ്ടിക്കാനും ശ്രമം നടന്നു. ഇവരുടെ പിക്കപ്പ് വാനില്‍ നിന്ന് ഒരു ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. ഇതും മോഷ്ടിച്ചതാണന്ന് പ്രാഥമിക വിവരം