കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി.ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് വേടന്‍. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര്‍ പിടിയിലായതെന്ന് എഫ്‌ഐആറില്‍ പരാമർശിക്കുന്നു. കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനയ്‌ക്കെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
അതേസമയം പുലിപ്പല്ല് കേസില്‍ വനംവകുപ്പിന്റെ അറസ്റ്റിലായ വേടനെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യൻ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. അറിഞ്ഞോ, അറിയാതെയോ പുലിപ്പല്ല് അടക്കമുള്ളവ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് പറയുന്നു. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്.