രാജവാഴ്ച പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നേപ്പാളില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു

Spread the love

കാഠ്മണ്ഡു: രാജവാഴ്ച പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നേപ്പാളില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. പ്രതിഷേധത്തില്‍ വ്യാപക അറസ്റ്റ് തുടരുകയാണ്. ഇതുവരെ 51 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇന്നലെ 2 പേര്‍ കൊല്ലപ്പെട്ടു. ഒരാൾ മാധ്യമപ്രവർത്തകനാണെന്നാണ് റിപ്പോർട്ട്. കലാപത്തിൽ 30 ഓളം പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധം സങ്കീർണമാകാതെയിരിക്കാൻ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.

രാജഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും മറ്റ് ഗ്രൂപ്പുകളും നടത്തിയ പ്രതിഷേധ റാലിയാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. രാജ്യത്ത് രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടത്തിയ റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. നേപ്പാളിന്റെ ദേശീയ പതാക വീശിയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയുമായിരുന്നു രാജവാഴ്ച അനുകൂലികള്‍ ഒത്തുകൂടിയത്. ‘രാജ്യത്തെ രക്ഷിക്കാന്‍ രാജാവ് വരട്ടെ, അഴിമതി നിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ, ഞങ്ങള്‍ക്ക് രാജവാഴ്ച തിരികെ വേണം’, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇവർ മുഴക്കി.

റാലിക്കെതിരെ പൊലീസ് പ്രതിരോധം തീർത്തതോടെ പ്രതിഷേധക്കാര്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. ഇതോടെ പൊലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് ടിങ്കുനെ, സിനമംഗല്‍, കൊട്ടേശ്വര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *