ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബര്‍ പിന്‍വലിച്ചു.
സിനിമ മേഖലയിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം ഫലം കണ്ടു. ജിഎസ്ടിയും വിനോദനികുതിയും ഉള്‍പ്പെടെ ഇരട്ടനികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. ആവശ്യങ്ങൾ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതോടെ ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബര്‍ പിന്‍വലിച്ചു.
മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഫിലിം ചേംബര്‍, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാപ്രതിനിധികള്‍ പങ്കെടുത്തു. വിനോദ നികുതി അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളത്. വരുന്ന സിനിമ കോണ്‍ക്ലേവില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കും. സര്‍ക്കാര്‍ തലത്തില്‍ ഇ ടിക്കറ്റിംഗ് സംവിധാനം വരുന്നതോടെ ഈ മേഖലയിലെ സ്വകാര്യ കമ്പനികളുടെ ചൂഷണം അവസാനിക്കുകയും അത് സിനിമാമേഖലയ്ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു.