ഗാസയിൽ വീണ്ടും വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേൽ. അപ്രതീക്ഷിത ആക്രമണത്തിൽ ഗാസ സിറ്റിയിൽ ഇരുപതോളംപേർ കൊല്ലപ്പെട്ടു

Spread the love

ഗാസ: ഗാസയിൽ വീണ്ടും വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേൽ. അപ്രതീക്ഷിത ആക്രമണത്തിൽ ഗാസ സിറ്റിയിൽ ഇരുപതോളംപേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. വെടിനിർത്തൽ നീട്ടാനുളള അമേരിക്കൻ നിർദേശം ഹമാസ് നിരസിച്ചെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഗാസയിൽ സൈനിക നടപടി പുനരാരംഭിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

 

ചൊവ്വാഴ്ച പുലർച്ചെയാണ് മധ്യ ഗാസയിലെ ബുറൈജിലെ നഗര അഭയാർത്ഥി ക്യാമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. അതേസമയം, സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് തങ്ങൾ ഓപ്പറേഷനുകൾ നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയിലെ ആക്രമണങ്ങൾക്ക് പുറമേ, തെക്കൻ ലെബനനിലും സിറിയയിലും ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തി. ഗാസയിലെ പല സ്ഥലങ്ങളിലും വീടുകളും കെട്ടിടങ്ങളും തകർന്നു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ സൈന്യം വെളിപ്പെടുത്തിയിട്ടില്ല.

‘ഗാസ മുനമ്പിലെ ഹമാസ് ഭീകര സംഘടനയുടെ കേന്ദ്രങ്ങളിൽ വ്യാപകമായ ആക്രമണം നടത്തുന്നുണ്ട്’ എന്ന് ടെലഗ്രാം പോസ്റ്റിലൂടെ ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്രയേൽ ഭക്ഷണവും, മരുന്നും, ഇന്ധനവും, മറ്റ് വിതരണങ്ങളും തടഞ്ഞിരുന്നു. ഹമാസ് അവരുടെ വെടിനിർത്തൽ കരാറിൽ മാറ്റങ്ങൾ സ്വീകരിക്കണമെന്നാണ് ആവശ്യം. ജനുവരി പകുതി മുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും ഇസ്രയേൽ സൈന്യം നിരവധി പലസ്തീനികളെ കൊലപ്പെടുത്തിയിരുന്നു. നിയന്ത്രിത പ്രദേശങ്ങളിൽ ഹമാസ് പ്രവേശിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇസ്രയേൽ സൈന്യം ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *