കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
കോട്ടയം: കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു.
പ്രതിയെ മൂന്നുതവണ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്. കോട്ടയം എസ് എച്ച് മൗണ്ടിന് സമീപത്ത് നിന്ന് പ്രതിയെ കൂടുന്നതിനിടെയാണ് ആക്രമണം ഉണ്ടയായത്. മഫ്തിയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. പരുക്കേറ്റ സനു ഗോപാലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എസ്.എച്ച് മൗണ്ട് ഭാഗത്ത് മോഷണക്കേസ് പ്രതിയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു.
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു
മാർച്ച് അഞ്ചിനാണ് ചുങ്കം മള്ളൂശേരിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളിൽ കയറി കെട്ടിയിട്ട് പ്രതി മോഷണം നടത്തിയത്. മൂന്ന് പവൻ സ്വർണവും രണ്ടായിരത്തോളം രൂപയുമാണ് ചുങ്കം മള്ളൂശേരി കോയിത്തറ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ സോമാ ജോസിനെ (65) കെട്ടിയിട്ട് പ്രതി കവർന്നത്. ഈ പ്രതി ഒളിവിൽ കഴിയുന്ന വിവരം അറിഞ്ഞാണ് ഗാന്ധിനഗർ പൊലീസ് സംഘം എസ്.എച്ച് മൗണ്ടിനു സമീപത്തെ ഗ്രൗണ്ടിൽ എത്തിയത്.
ഈ സമയം പ്രതി അപ്രതീക്ഷിതമായി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സാഹസികമായി പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.