പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി.

Spread the love

പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി.

തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് ആണ് കുരിശ് സ്ഥാപിച്ചത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു.

റവന്യൂ സംഘത്തിന്റെ പ്രത്യേക 15 അംഗ ടീമാണ് നിലവിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് എത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃതമായി കുരിശ് നിർമ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതർ വിശദമായി പരിശോധിക്കും.

പ്രദേശത്ത് രണ്ടുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി.ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശവും നൽകി. ഇത് പ്രകാരം പുരുന്തുംപാറയിൽ കൈയ്യേറ്റം നടത്തി കെട്ടിടങ്ങൾ പണിത തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് മറികടന്നാണ് കൈയ്യേറ്റ ഭൂമിയിൽ ഇയാൾ കുരിശ് സ്ഥാപിച്ചത്.

സംഭവം വിവാദമായതോടെ, മറ്റൊരു സ്ഥലത്ത് നിർമ്മിച്ച കുരിശ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നുവെന്നും, ഇത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. ധ്യാനകേന്ദ്രമാണ് പണിയുന്നതെന്നാണ് സജിത് ജോസഫ് പ്രദേശവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കൈയ്യേറ്റ ഭൂമിയിലെ കുരിശ് നിർമ്മാണവും. 2017 ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *