താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. ഷഹബാസിനെ കൊല്ലാൻ തന്നെയുറച്ചാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാകുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുഹമ്മദ് ഷഹബാസിനെ ആക്രമിച്ച വിദ്യാർത്ഥികൾ പരസ്പരം പങ്കുവെച്ച ശബ്ദ സന്ദേശങ്ങളിൽ ഷഹബാസിനെ കൊലപ്പെടുത്താൻ തന്നെയാണ് തീരുമാനിച്ചിരുന്നത് എന്ന് വ്യക്തമാണ്.
ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്നാണ് ഒരു സന്ദേശത്തിൽ പറയുന്നത്. കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസെടുക്കില്ല എന്നും ഗ്രൂപ്പ് ചാറ്റിൽ പറയുന്നു. “ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും” എന്നും ചാറ്റിൽ പറയുന്നു. ഷഹബാസിന്റെ കണ്ണൊന്ന് പോയി എന്നും ചാറ്റിൽ വിദ്യാർത്ഥികൾ പരസ്പരം പറയുന്നുണ്ട്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മർദനം എന്ന ഷഹബാസിൻ്റെ പിതാവിൻ്റെ ആരോപണം ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി, ഇത് വഴിയാണ് സംഘർഷം ആസൂത്രണം ചെയ്തിരുന്നത്.
എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് ഷഹബാസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. താമരശ്ശേരിയിലെ ട്യൂഷൻ സെൻററിന് സമീപമാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടി നടന്നത്. പരിപാടിയിൽ എളേറ്റിൽ വട്ടോളിയിലെ സ്കൂളിലെ വിദ്യാർഥിയുടെ ഡാൻസിനിടെ പാട്ട് നിന്നുപോയതിനെ തുടർന്ന് താമരശ്ശേരിയിലെ സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു. ഇതോടെ രംഗം വഷളായി. തുടർന്ന് ഇരു സ്കൂളിലെ കുട്ടികളും തമ്മിൽ കൂകി വിളിച്ചതിനെ ചൊല്ലി തർക്കമായി. പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ ഇടപെട്ട് മാറ്റിയാണ് രംഗം ശാന്തമാക്കിയത്.
എന്നാൽ പ്രശ്‌നം അതുകൊണ്ട് അവസാനിച്ചില്ല. ഇരു സ്കൂളുകളിലെയും വിദ്യാർഥികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പ്രകോപനമായ രീതിയിൽ പെരുമാറി. ശേഷം വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ സെന്ററിന് സമീപം വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ചുങ്കം പാലോറക്കുന്ന് സ്വദേശിയായ പത്താംക്ലാസുകാരനാണ് സാരമായി പരിക്കേറ്റത്. വീട്ടിലെത്തി തലവേദനയാണെന്ന് പറഞ്ഞ് തളർന്നു കിടന്ന കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഏറ്റുമുട്ടലിന്റെ വിവരം അറിഞ്ഞത്. രാത്രി ഏഴു മാണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില അതീവ ഗുരുതരമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദനമേറ്റത്. വട്ടം ചേർന്ന് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മർദനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാർത്ഥികളിൽ മൂന്ന് പേർ നേരത്തെ ചില കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.