സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു
കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 91 വയസ്സായിരുന്നു. മനുഷ്യന്റെ മനോവ്യഥയും സംഘർഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകൾക്കു പകർന്നു നൽകിയ പ്രതിഭയാണ് പൊലിഞ്ഞത്.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസിൽ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്. മരുമക്കൾ: സഞജയ് ഗിർമേ, ശ്രീകാന്ത് നടരാജൻ. അധ്യാപികയും വിവർത്തകയുമായിരുന്ന പ്രമീള നായർ ആദ്യഭാര്യ.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകൻ. തുടർന്ന് 1956-ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ദീർഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.
സ്‌കൂൾ കാലംമുതൽ എഴുത്തിൽ തൽപരനായിരുന്നു എം.ടി. ആദ്യകഥ വിക്ടോറിയ പഠനകാലത്ത് പ്രസിദ്ധീകരിച്ച ‘രക്തം പുരണ്ട മൺതരികൾ’. 1953-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തുകാരൻ എന്നനിലയിൽ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലത്ത് ‘പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡഃശയായി പുറത്തുവന്നു. 1958-ൽ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. തകരുന്ന നായർ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അറുപതുകളോടെ എം.ടി. മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനായി അംഗീകരിക്കപ്പെട്ടു.
1968-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ൽ ആ സ്ഥാനം രാജിവെച്ചു. 1989-ൽ പീരിയോഡിക്കൽസ് എഡിറ്റർ എന്ന പദവിയിൽ തിരികെ മാതൃഭൂമിയിൽ. 1999-ൽ മാതൃഭൂമിയിൽനിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവിൽ തുഞ്ചൻ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.