ശബരിമല വിമാനത്താവള നിർമാണത്തിന് സാമൂഹികാഘാത പഠനം നടത്താൻ നിയോഗിച്ച ഏജൻസിക്ക് ഔദ്യോഗികമായി വിവരം കൈമാറാതെ സർക്കാർ
കോട്ടയം: ശബരിമല വിമാനത്താവള നിർമാണത്തിന് സാമൂഹികാഘാത പഠനം നടത്താൻ നിയോഗിച്ച ഏജൻസിക്ക് ഔദ്യോഗികമായി വിവരം കൈമാറാതെ സർക്കാർ. കൊച്ചി തൃക്കാക്കര ഭാരത മാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തി വിജ്ഞാപനം പുറത്തിറക്കിയിട്ട് പത്തു ദിവസം കഴിഞ്ഞു. 2023 ജനുവരി 23ന് ഇറക്കിയ പ്രാഥമിക വിജ്ഞാപനം റദ്ദാക്കിയാണ് സർക്കാർ പുതിയ വിജ്ഞാപനം കൊണ്ടുവന്നത്. ഏജൻസിയെ നിശ്ചയിച്ചതിലെ പിഴവ് ചൂണ്ടിക്കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആദ്യ വിജ്ഞാപനം റദ്ദാക്കിയത്.
തങ്ങളെ ദൗത്യം ഏൽപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്നും വിജ്ഞാപനം സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേ ഉള്ളുവെന്നും ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി. റവന്യു വകുപ്പ് മുഖേനയാണ് സാമൂഹികാഘാതപഠനം സംബന്ധിച്ച ഉത്തരവ് കൈമാറേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഇറങ്ങിയാൽ ആറ് മാസത്തിനകം റിപ്പോർട്ട് പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇത് പൂർത്തിയായാൽ ഹിയറിങ് ഉൾപ്പെടെ നടത്തി രണ്ട് മാസത്തിനകം വിദഗ്ധ സമിതി സർക്കാറിന് ശിപാർശ സമർപ്പിക്കണം. 2025 ഡിസംബറോടെ വിമാനത്താവളം നിർമ്മാണം തുടങ്ങാനുള്ള നീക്കത്തിലായിരുന്നു സർക്കാർ. അതെല്ലാം തകിടം മറിഞ്ഞ നിലയിലാണിപ്പോൾ കാര്യങ്ങൾ. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെയും പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടി വരും.