സിനിമ: ഇരുപതോളം പരാതികൾ, പരാതിക്കാരേറെയും ഇരകളല്ല
സിനിമ: ഇരുപതോളം പരാതികൾ, പരാതിക്കാരേറെയും ഇരകളല്ല
തിരുവനന്തപുരം: സിനിമയിലെ ലൈംഗിക അതിക്രമങ്ങളുടേതായി ഇരുപതോളം പരാതികളാണ് പ്രത്യേക അന്വേഷണസംഘത്തിന് കിട്ടിയത്. ഇതിൽ ഭൂരിഭാഗവും ഇരകളുടെ പരാതികളല്ല. ചാനലുകളിലും സമൂഹമാദ്ധ്യമങ്ങളിലും അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകൾ കണ്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരും സംഘടനകളും നൽകിയ പരാതികളാണ്.
ഇ-മെയിലിലൂടെയും മറ്റും ലഭിച്ച ആറ് പരാതികളിൽ ഇന്നലെ മൊഴിയെടുപ്പ് തുടങ്ങി. പരാതികളിലെ വസ്തുതാപരിശോധന രണ്ടുദിവസത്തിനകം പൂർത്തിയാക്കും. അതിക്രമങ്ങളുടെ മൊഴികളുണ്ടായാൽ പ്രാഥമിക പരിശോധനയ്ക്കുശേഷം കേസെടുക്കും. ഇതുവരെ വെളിപ്പെടുത്താത്ത സംഭവങ്ങളിലും പരാതികൾ ലഭിച്ചതായാണ് അറിയുന്നത്.
2013ൽ തൊടുപുഴയിലെ ലൊക്കേഷനിൽ സൂപ്പർതാരത്തിന്റെ അതിക്രമം അടക്കം വെളിപ്പെടുത്തിയ നടിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ലൊക്കേഷനിൽ വച്ച് യുവനടൻ മോശമായി പെരുമാറിയെന്നും പരാതിയിൽ നിന്നും പിൻമാറാൻ വിദേശത്തുനിന്നടക്കം ഭീഷണിയുണ്ടെന്നും നടി മൊഴിനൽകി. തന്നെ കടന്നുപിടിച്ച യുവനടന്റെ പേര് വെളിപ്പെടുത്താൻ സാവകാശം വേണം. ആരോപണവിധേയനായ വ്യക്തി ഇതുവരെ വിളിച്ചിട്ടില്ലെന്നും രാത്രിയിലടക്കം അപരിചിതമായ നമ്പറുകളിൽനിന്ന് വിളികളെത്തുന്നതായും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡി.ജി.പി എന്ന് വ്യാജമായി രേഖപ്പെടുത്തിയ നമ്പറുകളിൽനിന്നടക്കം കാൾ വന്നു. ആരും ഭീഷണിപ്പെടുത്തേണ്ട. പറയാനുള്ളത് പറയും. വീട്ടിൽനിന്നും നാട്ടുകാരിൽനിന്നും സമ്മർദ്ദമുള്ളതിനാൽ ആർക്കെതിരെയാണ് പരാതി നൽകിയതെന്ന് ഇപ്പോൾ പറയുന്നില്ല. പറയേണ്ട സാഹചര്യത്തിൽ പറയും. തന്നെ അപായപ്പെടുത്തുമോ എന്ന് വീട്ടുകാർക്ക് ഭയമുണ്ട്. അവരെ വസ്തുതകൾ ബോദ്ധ്യപ്പെടുത്താൻ സമയം വേണം. കൈയിൽ 1000 രൂപ തികച്ചില്ല. എന്റെ മാനത്തിന് വിലയിട്ട ഒരാളിൽ നിന്നും ഒരിക്കലും പണം കൈപ്പറ്റില്ല. മരിച്ച ഒരു ഹാസ്യനടൻ,സംവിധായകൻ,യുവനടൻ എന്നിവർക്കെതിരെയാണ് പരാതിപ്പെട്ടിട്ടുള്ളത്.
പരാതികൾ ലഭിക്കുന്ന സ്ഥലത്തെ സ്റ്റേഷനിൽ കേസെടുത്തശേഷം അന്വേഷണത്തിന് പ്രത്യേകസംഘത്തിന് കൈമാറും. നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരായ പരാതിയിൽ ഇന്ന് ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴിയെടുക്കും. സംവിധാകയൻ വി.കെ.പ്രകാശിനെതിരേ പരാതി നൽകിയ തിരക്കഥാകൃത്തിന്റെ മൊഴിയും ഉടന്നെടുക്കും.