സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ മുമ്പും ബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ
സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ മുമ്പും ബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് നടി ഇക്കാര്യം പറയുന്നത്. ഇന്ന് ‘കോംപ്രമൈസ്’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ വാക്കുകൾ സാധാരണമാണ്. കാസ്റ്റിങ് കൗച്ച് മുൻപും സിനിമയിൽ ഉണ്ടായിരുന്നെന്ന് ആവർത്തിക്കുകയാണ് ശാരദ.
ഷൂട്ടിങ് ലൊക്കേഷനിൽ നടിമാർക്ക് ശുചിമുറികളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. വസ്ത്രം മാറാൻ സുരക്ഷിതമായ സൗകര്യം സെറ്റിൽ ഒരുക്കുന്നില്ല. ഒരു പിവിസി പൈപ്പിൽ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ നൽകുന്നത്. കാറ്റടിച്ചാൽ പോലും പറന്നു പോകുന്ന താൽക്കാലിക സംവിധാനമാണിത്. ഇത് അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കണമെന്നും റിപ്പോർട്ടിൽ ശാരദ നിർദേശിക്കുന്നു.
രാത്രിയിൽ നടിമാർ താമസിക്കുന്ന മുറികളുടെ വാതിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഭയപ്പെടുത്തുന്ന തരത്തിൽ ബഹളം ഉണ്ടാക്കുമെന്നും ശാരദ പറയുന്നു. സെറ്റിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും തന്റെ കണ്ടെത്തലായി ശാരദ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.