ഗുഡ്ബൈ പാരിസ് … മെഡൽ പട്ടികയിൽ യുഎസ് ഒന്നാമത്; ഇന്ത്യയ്ക്ക് 71–ാം സ്ഥാനം
ഗുഡ്ബൈ പാരിസ് … മെഡൽ പട്ടികയിൽ യുഎസ് ഒന്നാമത്; ഇന്ത്യയ്ക്ക് 71–ാം സ്ഥാനം
നാലു വർഷങ്ങൾക്കപ്പുറം യുഎസ് നഗരമായ ലൊസാഞ്ചലസിൽ കാണാമെന്ന പ്രതീക്ഷയിൽ ലോകം പാരിസിനോടു യാത്ര പറഞ്ഞു: ‘ഓ റെവ്അ’ (ഫ്രഞ്ച് ഭാഷയിൽ ഗുഡ്ബൈ). ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ആരംഭിച്ച സമാപനച്ചടങ്ങുകൾ 3 മണിക്കൂറിലേറെ നീണ്ടു.
ഒളിംപിക്സിൽ അത്ലറ്റിക്സ് മത്സരങ്ങൾക്കു വേദിയായതും ഇതേ സ്റ്റേഡിയമാണ്. സെയ്ൻ നദിക്കരയിൽ ഉദ്ഘാടനച്ചടങ്ങ് നടത്തി ചരിത്രം സൃഷ്ടിച്ച പാരിസിലെ സംഘാടകർ സമാപനച്ചടങ്ങിൽ സ്റ്റേഡിയത്തിനുള്ളിലെ വർണ വിസ്മയങ്ങളുമായി കാണികളെ വിരുന്നൂട്ടി. ഫ്രാൻസിന്റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതുന്ന കലാപരിപാടികളും സമാപനച്ചടങ്ങിന്റെ ഭാഗമായി. മത്സരാർഥികൾക്കും കാണികൾക്കും സഹായമൊരുക്കി ഒളിംപിക്സ് വേദികളിൽ നിറഞ്ഞുനിന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള 45,000 വൊളന്റിയർമാരെ ചടങ്ങിൽ അനുമോദിച്ചു.
സമാപനച്ചടങ്ങിനൊടുവിൽ പതാക കൈമാറൽ നടന്നു. 2028ൽ, അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാകയും ദീപശിഖയും ഏറ്റുവാങ്ങി.