ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ പ്രദേശത്തെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്നതിനായി സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍.
വയനാട്: ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ പ്രദേശത്തെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്നതിനായി സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്.
രാത്രിയിലും പാലത്തിന്റെ നിര്‍മാണം തുടര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് മുമ്പ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ് സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ് സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്.
എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.അതിനിടെ, ബെയ്ലി പാലത്തിനൊപ്പം പുഴയിലൂടെ ഫൂട് ബ്രിഡ്ജ് നിര്‍മ്മിക്കാനും സൈന്യം ശ്രമം തുടങ്ങി. ബെയ്ലി പാലത്തിന് താഴെയായി പുഴയിലാണ് നടന്നുപോകാന്‍ കഴിയുന്ന പാലം കരസേന നിര്‍മിക്കുന്നത്.