കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗിച്ച് ഇസ്രായേലിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി
കട്ടപ്പന: കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗിച്ച് ഇസ്രായേലിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്തു. കാഞ്ചിയാറിൽ താമസിക്കുന്ന തങ്കമണി സ്വദേശിയായ പ്രിൻസ് മൂലേച്ചാലിനെതിരേയാണ് വഞ്ചനക്കുറ്റത്തിന് കട്ടപ്പന പോലീസ് കേസെടുത്തത്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എത്ര പേർ തട്ടിപ്പിന് ഇരയായി, എത്ര രൂപ തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണ് പോലീസ്.
കട്ടപ്പന പള്ളിക്കവല കേന്ദ്രമാക്കി ഗ്ലോബൽ എജുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. നഴ്സിങ് പഠിച്ചവർക്ക് ഒന്നരലക്ഷം രൂപ ശമ്പളത്തിൽ ഇസ്രയേലിൽ കെയർ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മേൽനോട്ടത്തിലാണ് റിക്രൂട്ടിങ് എന്നും ഏജൻസിയെ റിക്രൂട്ട്മെന്റ് ചുമതല ഏൽപ്പിച്ചിരിക്കുകയാണെന്നും തട്ടിപ്പുകാർ തെറ്റിദ്ധരിപ്പിച്ചിരുന്നു. 10 ലക്ഷം രൂപയാണ് റിക്രൂട്ട്മെന്റിനായി ഇവർ ഉദ്യോഗാർഥികളോട് ആവശ്യപ്പെട്ടത്.
രൂപതയുടെ പേരിൽ തട്ടിപ്പിന് ശ്രമിക്കുന്നുവെന്ന പരാതി, കാഞ്ഞിരപ്പള്ളി രൂപതയും നൽകിയിട്ടുണ്ട്.