കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു
കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. മനസാക്ഷിയെ മാനദണ്ഡമാക്കി ഒരു ജനതയുമായി നാഭീനാളിബന്ധം തീർത്ത അസാധാരണ നേതാവായിരുന്നു ഉമ്മൻചാണ്ടി. അർബുദബാധയെത്തുടർന്ന് ബംഗളുരുവിലെ ചിന്മയ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ 2023 ജൂലൈ 18ന് പുലർച്ചെ 4:25നാണ് ഉമ്മൻ ചാണ്ടി വിടുപറഞ്ഞത്. പിന്നീട് ലോകം സാക്ഷ്യംവഹിച്ചത് കേരളം അന്നേവരെ കണ്ടിട്ടില്ലാത്തത്ര വൈകാരികമായ ഒരു ജനതയുടെ യാത്രയയപ്പായിരുന്നു.ആൾക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഊർജ്ജം. സ്വന്തം കാറിൽ പോലും ആ ആൾക്കൂട്ടത്തെ ഉമ്മൻ ചാണ്ടി ഒപ്പം കൂട്ടിയിരുന്നു. രാഷ്ട്രീയ വേട്ടയാടലുകളെ എല്ലാം അതിജീവിച്ച നേതാവും ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ജനസമ്പർക്കം കൊണ്ടുതന്നെ ജനകീയത അടയാളപ്പെടുത്തിയ ഭരണാധികാരി.
ആൾക്കൂട്ടമില്ലാതൊരു ഉമ്മൻചാണ്ടിയെ ആരും കണ്ടുകാണില്ല. കയ്യകലത്തുനിന്ന് കാര്യംകാണാം, ചെവിയരികത്ത് വന്ന് ദുരിതം പറയാം. നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്ന ഉമ്മൻചാണ്ടിക്ക് അനുയായികളില്ലാത്തൊരു വാർഡ് പോലും കേരളത്തിൽ ഉണ്ടായിരുന്നില്ല. മരണംകൊണ്ട് മുറിവേറ്റവർ പുതുപ്പള്ളിയിലെ കല്ലറയിൽ ഹൃദയംകൊണ്ട് ഇങ്ങനെ എഴുതിവച്ചു. ‘ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു’.
സംസ്ഥാന വ്യാപകമായി കോൺഗ്രസ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരുവർഷം മുന്നിൽ നിറഞ്ഞ ശൂന്യതയായിരുന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ കുടുംബം പറയുന്നത്. ആൾക്കുട്ടവും ആൾക്കൂട്ടത്തിൻറെ നേതാവായ കുടുംബനാഥനില്ലാത്തതിൻറെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകൻ ചാണ്ടി ഉമ്മനും പങ്കു വയ്ക്കുന്നത്.