കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.ആശുപത്രികള്‍ക്കും രോഗികള്‍ക്കുമായി കുടിശിക ഇനത്തില്‍ നല്‍കാനുളളത് 1,255 കോടി രൂപ
കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴില്‍ ചികിത്സാ സഹായ ഇനത്തില്‍ സംസ്ഥാനത്ത് ആശുപത്രികള്‍ക്കും രോഗികള്‍ക്കുമായി കുടിശിക ഇനത്തില്‍ നല്‍കാനുളളത് 1,255 കോടി രൂപ. വന്‍ തുക കുടിശിക വന്നതോടെ പല ആശുപത്രികളും സാധാരണക്കാര്‍ക്കുള്ള സൗജന്യ ചികിത്സ നാമമാത്രമാക്കി. ഇതോടെ അതിദരിദ്രരായ ലക്ഷക്കണക്കിന് ആളുകളാണു ചികിത്സാ സൗജന്യമില്ലാതെ വലയുന്നത്. ചികിത്സയ്ക്കു ചെലവാകുന്ന മൊത്തം തുകയില്‍ ഏറിയാല്‍ 20 ശതമാനം വരെ മാത്രമേ ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്നുള്ളൂ. ശേഷിക്കുന്ന തുക രോഗി ചെലവഴിക്കേണ്ട അവസ്ഥയാണ്. ഇതിനുപുറമേ ആരോഗ്യ കിരണ പദ്ധതി 3.99 കോടി, കാരുണ്യ ബെനവലന്റ് ഫണ്ട് 217.68, ഹൃദ്യം 10.38 കോടി, ജനനി ശിശു സുരക്ഷകാര്യക്രം(ജെഎസ്എസ്കെ) 34.87 കോടി, ആര്‍ബിഎസ്കെ 10.12 കോടി എന്നിങ്ങനെയാണു വിവിധ പദ്ധതികള്‍ക്ക് കീഴില്‍ നല്‍കാനുള്ള കുടിശികയുടെ കണക്ക്. കേന്ദ്രം നല്‍കേണ്ട പണം നല്കാത്തതിനാല് 637 കോടി രൂപയുടെ ദേശീയ ആരോഗ്യ ദൗത്യം പദ്ധതികളും കുടിശിക വരുത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണിത്. കുടിശിക ലഭിക്കാത്തത് പല ആശുപത്രികളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ആശുപത്രി വികസനസമിതിയുടെ സഹായത്തോടെയാണു പല സര്‍ക്കാര്‍ ആശുപത്രികളും ചികിത്സ മുന്നോട്ടു കൊണ്ടുപോകുന്നത്.