ഇടുക്കി ജില്ലയിലെ വ്യാജ പട്ടയങ്ങള്‍: അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഇടുക്കി ജില്ലയിലെ വ്യാജ പട്ടയങ്ങള്‍: അന്വേഷിക്കാന്‍ പ്രത്യേക സംഘം
കൊച്ചി: ഇടുക്കി ജില്ലയിലെ വ്യാജപട്ടയങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിച്ചു. ഇടുക്കി മുന്‍ കളക്ടറും സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടറുമായ എച്ച്. ദിനേശന്, ഇടുക്കി നാർകോട്ടിക് സെല്‍ ഡിവൈഎസ്പി പയസ് ജോര്‍ജ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പോലീസ്, റവന്യു ഉദ്യോഗസ്ഥരെ കൂടുതലായി ടീമില്‍ ഉള്‍പ്പെടുത്താനും അനുമതി നല്കി. വ്യാജപട്ടയം നല്കിയ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി എടുക്കാത്തതിനാല്‍ ഇത്തരം കേസുകളില്‍ കുറ്റങ്ങള്‍ റദ്ദാക്കുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തിനു രൂപം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇടുക്കിയിലെ ഭൂപ്രശ്നത്തെക്കുറിച്ചു ധാരണയുള്ള റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ടീമാണ് വേണ്ടതെന്നും പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്കായി കളക്ടറുടെ അധികാരമുള്ള പ്രത്യേക ഓഫീസറെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം തേടി. ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും.